ആടുജീവിതം; സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങള്‍ മനസിനെ വേദനിപ്പിക്കുന്നു - നജീബ്

തന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന് നജീബ് അഭ്യര്‍ഥിച്ചു

Update: 2024-04-02 03:54 GMT
Advertising

ആറാട്ടുപുഴ: ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങള്‍ വിഷമിപ്പിച്ചെന്ന് കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബ്.

താനൊരു കഥക്ക് കാരണക്കാരന്‍ മാത്രമാണ്. നോവലിന്റെ എല്ലാ ചേരുവകളും അതിലുണ്ട്. ബെന്യാമിനും ബ്ലെസിയും എന്തോ ക്രൂരത കാട്ടിയെന്ന തരത്തിലാണ് പലരുടേയും പ്രതികരണം. താന്‍ അങ്ങനെയൊരു പരാതി എവിടെയും ഉന്നയിച്ചിട്ടില്ല. തന്റെ നന്മ ആഗ്രഹിച്ചു കൊണ്ടാണ് അധികപേരും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും നജീബ് പറഞ്ഞു.

തന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന് നജീബ് അഭ്യര്‍ഥിച്ചു.

'ബെന്യാമിനുമായി വലിയ ഹൃദയ ബന്ധമാണുള്ളത്. 2008ലാണ് നോവല്‍ പുറത്തിറങ്ങുന്നത്. അന്നു മുതല്‍ ഇന്നുവരേയും എനിക്ക് അര്‍ഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് എന്നെ കൂട്ടിക്കൊണ്ടായിരുന്നു അദ്ദേഹം വേദികളില്‍ പോയിരുന്നത്. എന്റെ ജീവിതാനുഭവം തന്നെയാണ് മുഖ്യമായും ആടുജീവിതം കഥയെന്നത് കൊണ്ടാണ് ആ പരിഗണന എനിക്ക് ലഭിച്ചത്. എന്റെ അനുഭവങ്ങളാണ് സിനിമയില്‍ അധികവുമുള്ളത്. ബഹ്‌റൈനില്‍ ആക്രിപ്പണി ചെയ്തിരുന്ന ഞാന്‍ പ്രവാസ ലോകത്ത് പ്രശസ്തനായതും ലോക കേരള സഭയില്‍ പ്രവാസികളുടെ പ്രതിനിധിയായതും ബെന്യാമിന്‍ കാരണമാണ്.

സിനിമയായപ്പോഴും പഴയ സ്‌നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്റെ വീട്ടില്‍ പലപ്പോഴും വന്നിട്ടുണ്ട്. ബെന്യാമിനില്‍ നിന്നും ഒരു തിക്താനുഭവവും എനിക്ക് ഇതുവരെ ഉണ്ടായിട്ടല്ല. എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. ഇനിയും സഹായിക്കുമെന്ന് ഉറപ്പുണ്ട്. നടന്‍ പ്രിഥ്വിരാജ് വീട്ടില്‍ വരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ഒരാഴ്ച മുമ്പ് വീട്ടില്‍ വന്ന് അറിയിച്ചിരുന്നു.

ബ്ലെസിയുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. നല്ല മനുഷ്യനാണ് അദ്ദേഹം. എനിക്ക് കേരളത്തില്‍ നിരവധി സ്ഥലത്ത് ജോലി വാഗ്ദാനം ചെയ്‌തെങ്കിലും ഞാന്‍ നിരസിക്കുകയായിരുന്നു. ബഹ്‌റൈനില്‍ ഞാന്‍ 20 വര്‍ഷം ജോലി ചെയ്തതും മകന് ലുലുവില്‍ ജോലി ലഭിച്ചതും ഞാന്‍ ഇന്ത്യയുടെ അകത്തും പുറത്തും അറിയപ്പെടുന്ന ആളായി തീര്‍ന്നതും എല്ലാം ഈ കഥയും ബെന്യാമിനും കാരണമാണ്. എനിക്കവര്‍ ഒന്നും തന്നില്ലെങ്കില്‍ പോലും ഞാനവരെ വെറുക്കില്ലെന്നും' നജീബ് പറഞ്ഞു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News