പീഡനക്കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; സെപ്തംബർ ഏഴിന് ഗംഗേശാനന്ദ ഹാജരാകണം
സെപ്തംബർ ഏഴിന് കോടതിയിൽ ഹാജരാകാൻ ഗംഗേശാനന്ദയ്ക്ക് കോടതി സമൻസയച്ചു
തിരുവനന്തപുരം: ഗംഗേശാനന്ദയ്‌ക്കെതിരായ പീഡനക്കേസിലെ കുറ്റപത്രം കോടതി അംഗീകരിച്ചു. നിയമവിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രമാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചത്. സെപ്തംബർ ഏഴിന് കോടതിയിൽ ഹാജരാകാൻ ഗംഗേശാനന്ദയ്ക്ക് കോടതി സമൻസയച്ചു. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ പിഴവുകൾ പരിഹരിച്ച് സമർപ്പിച്ച പുതിയ കുറ്റപത്രമാണ് അംഗീകരിച്ചത്. പൊലീസിന്റെ സീന്‍ മഹസറടക്കം ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കുറ്റപത്രം അപൂർണമാണെന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം.
2017 മേയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ പൂജക്ക് വരുന്ന ഗംഗേശാനന്ദ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇത് സഹിക്കവയ്യാതെ അദ്ദേഹത്തിന്‍റെ ജനനേന്ദ്രിയം മുറിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഗംഗേശാനന്ദയ്‌ക്കെതിരെ കേസ് എടുത്തത്.
എന്നാൽ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെൺകുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവർക്കെതിരെയും കേസ് എടുക്കുകയായിരുന്നു.