വിവാദ കശ്മീർ പരാമർശം: കോടതി ഉത്തരവുണ്ടെങ്കിൽ ജലീലിനെതിരെ കേസെടുക്കുമെന്ന് ഡൽഹി പൊലീസ്
ഈ മാസം 12ന് ഹരജിയിൽ വാദം കേൾക്കും
ഡൽഹി: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതിയിൽ കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസെടുക്കാൻ സാധിക്കുവെന്ന് ഡൽഹി പൊലീസ്. തിലക് മാർക് സ്റ്റേഷൻ ഹൗസ് ഓഫീസർ ഡൽഹി റോസ് അവന്യു കോടതിയിൽ റിപ്പോർട്ട് നൽകി. ഈ മാസം 12ന് ഹരജിയിൽ വാദം കേൾക്കും.
വിവാദ കാശ്മീർ പരാമർശത്തിന്റെ പേരിൽ കേസുമായി മുന്നോട്ടു പോകുന്ന കാര്യത്തിൽ അഡീഷ്ണൽ ചീഫ് മജിസ്ട്രേറ്റ് ഹർജീത് സിങ് ജസ്പാലിന്റെ മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിവാദ കാശ്മീർ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസ് എടുക്കണമെന്ന് ഡൽഹി പൊലീസിന് അഡ്വ.ജി.എസ്.മണി പരാതി നൽകിയിരുന്നു. എഫ്.ഐ.ആർ. ഇടാതിരുന്നതിനെ തുടർന്ന് ഹരജിക്കാരൻ കോടതിയിൽ ഹരജി നൽകുകയായിരുന്നു.
പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീരെ'ന്ന് വിശേഷിപ്പിച്ച ഫെയ്സ്ബുക്ക് കുറിപ്പായിരുന്നു വിവാദത്തിനാധാരം. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബി.ജെ.പി. അടക്കമുള്ളവർ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ജലീലിന്റെ മുൻ സിമി നിലപാടാണ് ഇത്തരം പ്രസ്താവനയ്ക്ക് വഴിവെച്ചതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു. വിവാദത്തിന് പിന്നാലെ വിശദീകരണവുമായും കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു.