കോവിഡ് പ്രതിരോധത്തിന് വിദഗ്ധോപദേശം തേടി സര്‍ക്കാര്‍; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അടക്കം വിവിധ മേഖലകളിലുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും
കൂടുതൽ കോവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അടക്കം വിവിധ മേഖലകളിലുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത അവലോകനയോഗത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്തെ രോഗവ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഓണക്കാലത്തെ ഇളവുകള്‍ കൂടി വന്നതോടെ രോഗതീവ്രത ദിനംപ്രതി ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യത്തെ തന്നെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വിദഗ്ധരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാനപ്പെട്ട വൈറോളജിസ്റ്റുകള്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ദിനംപ്രതി ഉയരുന്ന രോഗതീവ്രത കുറയ്ക്കാന്‍ വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ എന്തൊക്കെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നതാകും യോഗത്തിലെ പ്രധാന ചര്‍ച്ച. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.
ഈ ആഴ്ച അവസാനം നടക്കുന്ന അവലോകന യോഗത്തില്‍ ഇന്നത്തെ യോഗത്തിലുണ്ടായ അഭിപ്രായങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. നിലവിലുള്ള നിയന്ത്രണങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തലുണ്ടായാല്‍ അതുമാറ്റി പുതിയ നിയന്ത്രണ ഘടനയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നേക്കും. നിലവില്‍ വാക്സിനേഷന്‍ 80 ശതമാനത്തിലെത്തിയ ആറ് ജില്ലകളില്‍ ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വകഭേദം വന്ന വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയടക്കം എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കും.