കോവിഡ്; ആശങ്കയല്ല, വേണ്ടത് അതീവ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല, എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വീണ ജോര്‍ജ് ആഹ്വാനം ചെയ്തു.

Update: 2021-08-27 11:28 GMT
Advertising

സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളിൽ സന്ദർശനം ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജാഗ്രത വാക്കുകളില്‍ മാത്രം പോരെന്നും ആരോഗ്യമന്ത്രി ഓര്‍മിപ്പിച്ചു. 

ടി.പി.ആര്‍ കുറയ്ക്കുകയാണ് നിലവിലെ ലക്ഷ്യം. ആരോഗ്യവകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് 1,70,000 ൽ അധികം പരിശോധന നടത്തി. കേരളത്തിൽ ആറു കേസുകളിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷന്‍ പ്രക്രിയയും ഊര്‍ജിതമാക്കും. 18 വയസിന് മുകളിലുള്ള 70.24 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 25 ശതമാനത്തിലധികം രണ്ടാം ഡോസും സ്വീകരിച്ചു. കിടപ്പുരോഗികള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. സെപ്തംബർ 30നുള്ളിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. കേരളം അവലംബിച്ച പ്രതിരോധ സംവിധാനം വിജയകരമായിരുന്നു. ഇത് തളിയിക്കുന്നതാണ് ഐ.സി.എം.ആര്‍ സര്‍വെ. രാജ്യത്ത് കോവിഡ് മരണ സംഖ്യ ഏറ്റവും കുറവു റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് 2131 രോഗികൾ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. 43ശതമാനം ഐ.സി.യു കിടക്കകളാണ് ഒഴിവുള്ളത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. വീടുകളിൽ ഒരാൾ പൊസിറ്റീവായാൽ കർശന ക്വാറന്‍റൈന്‍ വേണം. വീട്ടിൽ സൗകര്യമില്ലെങ്കിൽ ഡി.സി.സികളിലേക്ക് മാറാൻ തയ്യാറാകണം. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News