കേരളത്തിലെ 89 % പേര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്
36.7 ശതമാനം പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയത്
സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 36.7 ശതമാനം പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയത്. 45 വയസിന് മുകളില്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് കോവിഡ് വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്തംബര്‍ 12 മുതല്‍ 18 വരെ കാലയളവില്‍ ,ശരാശരി 1,96,657 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓകിസിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്ക് 23 ശതമാനം കുറഞ്ഞു. ആശുപത്രികള്‍,ഐസിയു,വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം 8,6,4,7 ശതമാനം കുറഞ്ഞു.
ജൂണ്‍,ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ ആറു ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും ,3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും , എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.