കോട്ടപ്പടി താലൂക്കാശുപത്രിയിൽ കോടികൾ ചെലവഴിച്ച് സജ്ജീകരിച്ച കോവിഡ് വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം തുടങ്ങിയില്ല

കഴിഞ്ഞ ജൂണിലാണ് ആശുപത്രിയിൽ പ്രത്യേക കോവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്

Update: 2021-08-04 01:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം കോട്ടപ്പടി താലൂക്കാശുപത്രിയിൽ കോടികൾ ചെലവഴിച്ച് സജ്ജീകരിച്ച കോവിഡ് വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയിൽ പ്രത്യേക കോവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസമെന്നാണ് വിശദീകരണം.

നിശബ്ദത പാലിക്കുക, അനുവാദമില്ലാതെ പ്രവേശിക്കരുത് , മലപ്പുറം താലൂക്ക് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച കോവിഡ് ക്രിട്ടിക്കൽ യൂണിറ്റിന്‍റെ ചുമരിൽ പതിച്ച ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടും, കാരണം പ്രവർത്തനം ആരംഭിക്കാത്തതിനാൽ ഇവിടേക്ക് ആരും പ്രവേശിക്കാറില്ല.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭരണാനുമതിയോടെ നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ നിന്നും അനുവദിച്ച 1 കോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ കോവിഡ് ക്രിട്ടിക്കൽ യൂണിറ്റ്​ഒരുക്കിയത്​. കഴിഞ്ഞ ജൂൺ 26 ന് കൊട്ടിഘോഷിച്ചായിരുന്നു , ഉദ്ഘാടനം, 15 ഐ.സി.യു ബെഡുകൾ,10 വെൻറിലേറ്ററുകൾ, കോവിഡ്​ സ്റ്റബിലൈസേഷൻ യൂനിറ്റ്​, ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കുന്നതിന്​ അഞ്ച്​ ഹൈ ഡിപ്പൻഡൻസി യൂണിറ്റ്​ ബെഡുകളുമാണ് ഒരുക്കിയത്​. കൂടാതെ കേന്ദ്രീകൃത ഓക്​സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്​.എന്നാൽ ഇതൊന്നും ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസത്തോളമായും പ്രവർത്തിക്കുന്നില്ലെന്ന് മാത്രം. സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവർത്തനം ആരംഭിക്കാൻ തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം.

ചികിത്സ തേടിയെത്തുന്നവരിൽ മികച്ച ചികിത്സ വേണ്ടവർ ഇപ്പോഴും കോഴിക്കോട് , മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകണം, അതും ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാലാണ് രോഗികൾക്ക് മറ്റ് ആശുപത്രികളിലെത്താനാകുക. ജില്ലാ ആസ്ഥാന നഗരിയിലെ പ്രധാന സർക്കാർ ആതുരാലയമായിട്ടും 24 മണിക്കൂർ ചികിത്സ സൗകര്യം കോട്ടപ്പടി താലുക്ക്​ ആശുപത്രിയിലില്ല എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News