നൂഹ് വർഗീയ സംഘർഷം: ഗോരക്ഷാസേനാ നേതാവ് മോനു മനേസർ അറസ്റ്റിൽ

രാജസ്ഥാൻ സ്വദേശികളായ നാസിർ, ജുനൈദ് എന്നിവരുടെ ആൾക്കൂട്ടക്കൊലയിൽ പിടികിട്ടാപ്പുള്ളിയായ മനേസറിനെ വിട്ടുകിട്ടാൻ ഹരിയാന പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് ഭരത്പൂർ എസ്.പി അറിയിച്ചു

Update: 2023-09-12 09:29 GMT
Editor : Shaheer | By : Web Desk

മോനു മനേസര്‍

Advertising

ചണ്ഡിഗഢ്: നൂഹിലുണ്ടായ വർഗീയ സംഘർഷത്തിൽ ഗോരക്ഷാസേനാ നേതാവും ബജ്‌റങ്ദൾ പ്രവർത്തകനുമായ മോനു മനേസർ അറസ്റ്റിൽ. ഹരിയാന പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ജൂലൈയിൽ നൂഹിൽ നടന്ന വർഗീയ സംഘർഷങ്ങളിലേക്ക് നയിച്ച വി.എച്ച്.പി യാത്രയുടെ ഭാഗമായി പ്രകോപനം സൃഷ്ടിച്ചതിനാണു നടപടി.

രാജസ്ഥാൻ സ്വദേശികളായ നാസിർ, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസർ. രാജസ്ഥാൻ പൊലീസ് ആണ് മനേസറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. നൂഹ് സംഘർഷത്തിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്ക് പൊലീസ് സംരക്ഷണം നൽകുന്നതായി ആരോപണമുണ്ടായിരുന്നു.

ഐ.ടി നിയമത്തിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് മനേസറിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽനിന്ന് ഇന്നുതന്നെ ഇയാൾക്കു ജാമ്യം ലഭിക്കാനിടയുണ്ട്. എന്നാൽ, നാസിർ-ജുനൈദ് ഇരട്ടക്കൊലയിൽ ഇയാളെ വിട്ടുകിട്ടാൻ ഹരിയാന പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന രാജസ്ഥാനിലെ ഭരത്പൂർ എസ്.പി മൃദുൽ കച്ചാവ അറിയിച്ചു. ഹരിയാന പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ രാജസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറുമെന്നാണു വിവരം.

കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭരത്പൂർ സ്വദേശികളായ നാസിർ(25), ജുനൈദ്(35) എന്നിവരെ പശുക്കടത്ത് ആരോപിച്ച് മോനു മനേസറിൻരെ നേതൃത്വത്തിൽ ബജ്‌റങ്ദൾ, ഗോരക്ഷാ സംഘം ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഹരിയാനയിലെ ഭിവാനിക്കടുത്ത ലൊഹാറുവിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തിനുശേഷം മനേസർ ഉൾപ്പെടെയുള്ള പ്രതികൾ പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഇതേസമയത്ത് സോഷ്യൽ മീഡിയയിൽ സജീവവുമായിരുന്നു ഇയാൾ.

ഇതിനിടെയാണ് ജൂലൈ 31ന് ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ വി.എച്ച്.പി ജലാഭിഷേക യാത്ര പ്രഖ്യാപിച്ചത്. യാത്രയിൽ പങ്കെടുക്കുമെന്ന് സോഷ്യൽ മീഡിയ വഴി മോനു മനേസർ പ്രഖ്യാപിച്ചു. ഇതു നാട്ടുകാർക്കിടയിൽ പ്രകോപനത്തിനിടയാക്കി. യാത്രയ്ക്കിടയിലും ഇതിനുശേഷവും നൂഹിലും തൊട്ടടുത്തുള്ള ഗുരുഗ്രാമിലുമടക്കം വ്യാപകമായ അക്രമസംഭവങ്ങളിലേക്കു നയിച്ചതും ഇയാളുടെ പ്രകോപനമായിരുന്നു. വർഗീയസംഘർഷത്തിൽ പള്ളി ഇമാം അടക്കം ആറുപേർക്കു ജീവൻ നഷ്ടമാകുകയും ചെയ്തു.

Summary: Cow vigilante Monu Manesar, wanted for Nasir and Junaid lynching double murder and Nuh riots, arrested

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News