സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍ പുന:സ്ഥാപിക്കണമെന്ന് സി.പി.ഐ

വാക്‌സിനുകള്‍ സൗജന്യമായി നല്‍കാം എന്ന വാഗ്ദാനം കാറ്റില്‍ പറത്തി വാക്‌സിനുകള്‍ മരുന്നു കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ അനുവാദം കൊടുത്തിരിക്കുന്നു

Update: 2021-04-22 11:25 GMT
Editor : ubaid | Byline : Web Desk
Advertising

ഇന്ത്യ സ്വതന്ത്രയായ കാലംമുതല്‍ നിലവിലിരുന്ന സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്‌സിന്‍ നയ പ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചതില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ താണ്ഡവമാടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനംപേര്‍ക്ക് മാത്രമേ ഇതുവരെയായിട്ടും കോവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ. മരുന്ന് ക്ഷാമം, ഓക്‌സിജന്‍ ക്ഷാമം, കിടക്കകളുടെ ദൗര്‍ലഭ്യം, വെന്റിലേറ്റര്‍ അപര്യാപ്തത ഇതെല്ലാം രോഗാവസ്ഥയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രധാന തടസ്സങ്ങളായി പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

വാക്‌സിനുകള്‍ സൗജന്യമായി നല്‍കാം എന്ന വാഗ്ദാനം കാറ്റില്‍ പറത്തി വാക്‌സിനുകള്‍ മരുന്നു കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ അനുവാദം കൊടുത്തിരിക്കുന്നു. കേന്ദ്രത്തിനു 150 രൂപയ്ക്ക് ലഭിക്കുന്നവ വാക് സിന്‍ സംസ്ഥാന സര്‍ക്കാര്‍ 400 രൂപക്ക് വാങ്ങി വിതരണം ചെയ്യാനാണ് കേന്ദ്ര നിര്‍ദ്ദേശം. ഇതുവരെ വാക്സിനേഷനു മേല്‍നോട്ടം വഹിച്ച, അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറി സ്വതന്ത്ര കമ്പോളത്തില്‍ വാക്‌സിനെ എറിഞ്ഞു കൊടുക്കുന്നു. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. സംസ്ഥാനങ്ങള്‍ വലിയ വില കൊടുത്ത് വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യണമെന്ന് പറയുമ്പോഴും കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാക്‌സിന്റെ വില വര്‍ദ്ധനവ് വന്‍ സാമ്പത്തിക ബാധ്യതക്ക് വഴിയൊരുക്കും. ഇത്തരം ഒരു സാഹചര്യത്തില്‍ സാര്‍വ്വത്രിക സൗജന്യ വാക്‌സിന്‍ പുന:സ്ഥാപിക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

എ കെ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി: സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News