പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം; കെ.ഇ ഇസ്മയിലിനെ രൂക്ഷമായി വിമർശിച്ച് സിപിഐ
ഇസ്മയിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് വിമർശിച്ചു
പാലക്കാട്: മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ. ഇസ്മയിൽ പാർട്ടി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് പറഞ്ഞു. ഇസ്മയിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തുടങ്ങിയതാണതെന്നും അദ്ദേഹം ആരോപിച്ചു. അന്ന് പാർട്ടി ഇസ്മയിലിനെ തിരുത്താൻ തയ്യാറായില്ലെന്നും ഇതിൻറെ അനന്തരഫലമാണ് സേവ് സിപിഐ ഫോറമെന്നും സുരേഷ് രാജ് ആരോപിച്ചു.
ഇസ്മായിലിനെ ജില്ലാ കൗൺസിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ മാസമാണ് ശിപാർശ ചെയ്തത്. വിമതരെ സഹായിക്കുകയും നിരന്തരം പാർട്ടിവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാൽ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യതയെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐ ജില്ലാ സെക്രട്ടറി തന്നെ രംഗത്തു വരികയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഇസ്മയിൽ രംഗത്തെത്തിയത് വിവാദമായിരുന്നു. സർക്കാർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയെന്നും എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സർക്കാർ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന അദ്ദേഹം പരാമർശവും വിവാദങ്ങൾക്ക് വഴിവെച്ചു.
നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ തടി രക്ഷപ്പെടാൻ കുറ്റം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കുകയാണെന്ന ഇസ്മയിലിന്റെ പരാമർശവും ചർച്ചയായിരുന്നു. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം ചിന്തിക്കുന്നതിനേക്കാൾ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.