എന്‍.എസ്.എസുമായി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന് സി.പി.എം തീരുമാനം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സി.പി.എമ്മിലുണ്ടായ അഭിപ്രായം

Update: 2023-08-03 02:30 GMT
Advertising

തിരുവനന്തപുരം: എ.എൻ ഷംസീറിന്‍റെ പരാമർശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സി.പി.എം തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സി.പി.എമ്മിലുണ്ടായ അഭിപ്രായം. അതേസമയം ഗണപതി വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

ഗണപതിയുമായി ബന്ധപ്പെട്ട എ.എന്‍ ഷംസീറിന്‍റെ പ്രതികരണത്തില്‍ ഒരു തെറ്റും സി.പി.എം കാണുന്നില്ല. നാക്കുപിഴ പോലുമില്ല എന്ന് വിലയിരുത്തുന്ന സി.പി.എം, സംഘപരിവാർ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വർഗീയ അജണ്ട തുറന്ന് കാട്ടുകയാണ് ഷംസീർ ചെയ്തെന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍.എസ്.എസ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ നിലംപരിശാക്കാന്‍ ഉപയോഗപ്പെടുത്തിയ ശബരിമല വിഷയം സി.പി.എമ്മിന് മുന്നിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു പ്രധാന സാമുദായിക സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍.എസ്.എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സി.പി.എം കാണുന്നത്. അതുകൊണ്ടാണ് 45 മിനിട്ട് നീണ്ടുനിന്ന വാർത്താ സമ്മേളനത്തില്‍ ഒരിടത്തും എന്‍.എസ്.എസിന്‍റെ പേര് സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി പറയാതിരുന്നതും.

പാർട്ടി വിലപാട് വിശദീകരിക്കുന്നതിനപ്പുറം ഇതുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് നടത്തുന്ന പ്രതിഷേധങ്ങളെ സി.പി.എം ചോദ്യംചെയ്യുകയും വിമർശിക്കുകയും ചെയ്യില്ല. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന നിലപാടിലാണ് സി.പി.എം. ഷംസീർ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ ശശി തരൂർ അടക്കമുള്ളവർ പറഞ്ഞിരുന്നെങ്കിലും അതിലെല്ലാം മൗനം പാലിച്ചിട്ട് ഇപ്പോള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വരുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News