ലോക്സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം തുടങ്ങി സി.പി.എം; ചുമതലകള്‍ വിഭജിച്ചുനല്‍കി

വൻ തിരിച്ചടി നേരിട്ട 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പാഠം ഉൾക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് സി.പി.എം തീരുമാനം

Update: 2022-08-14 01:10 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ഊർജിതമാക്കി സി.പി.എം. ജില്ലകളുടെ ചുമതല മന്ത്രിമാർക്കും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ഏകോപന ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുമാണ്. പാർട്ടിക്ക് സ്വാധീനം കുറവായ സ്ഥലങ്ങളിൽ ജയ സാധ്യതയുള്ള സ്ഥാനാർഥികൾക്കായുള്ള തിരച്ചില്‍ നേരത്തെ തുടങ്ങും.

വമ്പൻ തിരിച്ചടി നേരിട്ട 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പാഠം ഉൾക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് സി.പി.എം തീരുമാനം. കേന്ദ്ര മന്ത്രിമാരെ കളത്തിലിറക്കിയുള്ള ബി.ജെ.പി നീക്കം കൂടി പരിഗണിച്ചാണ് സി.പി.എമ്മിന്‍റെ മുന്നൊരുക്കം. ജില്ലകളുടെ ചുമതല മന്ത്രിമാർക്കും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങൾക്കുമാണ്.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മണ്ഡലം സെക്രട്ടറിമാരാകും. ഓഗസ്റ്റ് 15ന് ശേഷം നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കും. കഴിഞ്ഞ തവണ തോറ്റ മണ്ഡലങ്ങളിൽ വിജയ സാധ്യതയുളള സ്ഥാനാർഥികളെ കണ്ടെത്താനും വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ശ്രമം തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പനു പകരം തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ അടുത്ത ആഴ്ച യോഗം ചേരും. 20ന് ജില്ലാ സെക്രട്ടേറിയേറ്റും 21ന് ജില്ലാ കമ്മിറ്റിയുമാണ് ചേരുക. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ സെക്രട്ടറി വേണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News