പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചരണം നടത്തുന്നത് സംഘർഷത്തിന് വഴിവെക്കും: സി.പി.എം

"നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും?"

Update: 2021-12-01 13:12 GMT
Editor : André | By : Web Desk
Advertising

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്. വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും സംഘപരിവാരിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ ഇത് ഊർജ്ജം നൽകുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

'അടുത്ത വെള്ളിയാഴ്ച ജുമാ പ്രാർത്ഥനയ്‌ക്കൊപ്പം സർക്കാരിനെതിരെ ബോധവൽക്കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം. സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും? ജുമാ നമസ്‌കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിന് വഴിവയ്ക്കും. ആരാധനായങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.'

Full View

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് സംബന്ധിച്ച് മുസ്ലിം മതസംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എല്ലാവരുടെയും ആശങ്കകൾ ദൂരീകരിച്ചു മാത്രമേ ഇത് നടപ്പാക്കുകയുള്ളൂ എന്നും സി.പി.എം പറയുന്നു. മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സി.പി.എമ്മുമായി കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞു നിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർട്ടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. - പ്രസ്താവനയിൽ പറയുന്നു. ലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളും അഭിപ്രായം പറയണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Summary: CPI(M) warns Muslim League's move to protest Waqf-PSC issue in mosques will cause chaos



Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News