ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയില്‍ നിയമ നടപടികളുമായി സി.പി.എമ്മും കോൺഗ്രസും സുപ്രിംകോടതിയലേക്ക്
വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എ.രാജയും തടസ ഹരജി ഫയൽ ചെയ്യുമെന്ന് ഡി. കുമാറും വ്യക്തമാക്കി
ഇടുക്കി: ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റദാക്കിയ ഹൈക്കോടതി വിധിയിൽ നിയമ നടപടികളുമായി സി.പി.എമ്മും കോൺഗ്രസും. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എ.രാജയും തടസ ഹരജി ഫയൽ ചെയ്യുമെന്ന് ഡി. കുമാറും വ്യക്തമാക്കി.
പാർട്ടിയെ പ്രതിസന്ധിയിലാക്കിയ വിധിയെന്നായിരുന്നു മുൻ സി.പി.എം. എം.എൽ.എ. എസ്.രാജേന്ദ്രന്റെ പ്രതികരണം. പരിവർത്തിത ക്രിസ്ത്യൻ സമുദായംഗമായ എ. രാജക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്നായിരുന്നു കോടതി വിധി.
ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് എ.രാജയുടെ നീക്കം. ഇതിന് മുന്നോടിയായി സുപ്രീം കോടതിയിൽ കവിയറ്റ് ഫയൽ ചെയ്യുമെന്ന് പരാതിക്കാരനായ ഡി.കുമാറും പറഞ്ഞു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധിയെന്ന് എസ് രാജേന്ദ്രനും പ്രതികരിച്ചു.
ഹൈക്കോടതി നിർദേശ പ്രകാരമുള്ള തുടർ നടപടികൾ എ. രാജയുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കറും സ്വീകരിക്കും. ഉത്തരവ് ഗസറ്റിലടക്കം പ്രസിദ്ധീകരിക്കാനുള്ള സാധ്യതയുമുണ്ട്.