ഏക സിവിൽകോഡ്: ഒരു മുഴംമുമ്പേ എറിഞ്ഞ് സി.പി.എം; ചോദ്യങ്ങളുമായി മുസ്‍ലിം സംഘടനകൾ
ഏക സിവിൽകോഡ് വിഷയത്തിൽ മുസ്ലിം സംഘടനകളെക്കാൾ ആവേശം കേരളത്തിലെ സി.പി.എം കാണിക്കുന്നുവെന്ന തോന്നൽ മുസ്‍ലിം നേതാക്കളിലുണ്ട്. അത്തരമൊരു ആവേശക്കളിക്ക് തങ്ങളില്ലെന്ന സന്ദേശമാണ് ഇതിനകം പുറത്തുവന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്
കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ വേഗത്തിലാക്കിയതിന് പിന്നാലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടുകളും ചർച്ചയാകുന്നു. കേരളത്തിലെ സി.പി.എം നേതൃത്വം സിവിൽകോഡിനെതിരെ പരസ്യനിലപാടുമായി രംഗത്തുവന്നപ്പോൾ കോൺഗ്രസ് വ്യക്തമായ നിലപാട് പറഞ്ഞില്ലെന്ന വിമർശനമാണ് ഉയരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ഏക സിവിൽകോഡ് നടപ്പാക്കുന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും എതിർത്ത് തോൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പരസ്യപ്രചാരണം നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കാനും സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സെമിനാറിൽ പങ്കെടുക്കും.
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏക സിവിൽകോഡ് കേന്ദ്രസർക്കാരിനെതിരെ പ്രചാരണായുധമാക്കാനാണ് സി.പി.എം നീക്കം. ഇതിനെതിരായ പ്രക്ഷോഭവേദിയിൽ മുസ്‍ലിം സംഘടനകളെ മുഴുവൻ എത്തിക്കാനായാൽ അത് വലിയ നേട്ടമാകുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. കഴിഞ്ഞ ദിവസം സെമിനാറിനെക്കുറിച്ച് വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‍ലിം ലീഗിനെ അടക്കം സെമിനാറിലേക്ക് സ്വാഗതം ചെയ്തിരുന്നു. രാഷ്ട്രീയപ്പാർട്ടികളെ ക്ഷണിക്കാത്തതിനാൽ ലീഗിനെ പ്രത്യേകമായി ക്ഷണിക്കുന്നില്ലെന്നും എങ്കിലും ലീഗിന് പങ്കെടുക്കാമെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ നിലപാട്. സമസ്തയടക്കമുള്ള സംഘടനകളെ ഏക സിവിൽകോഡ് വിരുദ്ധ വേദിയിൽ എത്തിക്കാനാണ് സി.പി.എം നീക്കം.
ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം ഏക സിവിൽകോഡ് വിഷയത്തിൽ ഖണ്ഡിതമായൊരു നിലപാട് പറയാത്തതാണ് കേരളത്തിലെ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. ഏക സിവിൽകോഡിന്റെ കരട് പുറത്തുവരികയോ പാർലമെന്റിൽ ചർച്ചക്ക് വരികയോ ചെയ്താൽ അപ്പോൾ നിലപാട് വ്യക്തമാക്കാമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ ഏക സിവിൽകോഡിനെതിരെ ശക്തമായ നിലപാട് പറയാൻ തയ്യാറാവുന്നില്ലെന്ന വിമർശനം സി.പി.എം ഉയർത്തുന്നുണ്ട്. എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി കോൺഗ്രസ് നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ കോൺഗ്രസ് നിലപാടിൽ പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയും കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ബി.ജെ.പി നടത്തുന്ന ആസൂത്രിത നീക്കമാണ് ഏക സിവിൽകോഡ് പ്രചാരണമെന്നാണ് കോൺഗ്രസ് നിലപാട്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നടന്ന ബി.ജെ.പി റാലിയിലാണ് മോദി ആദ്യമായി ഏക സിവിൽകോഡിനെക്കുറിച്ച് പറഞ്ഞത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ഇതിനകം തന്നെ ബി.ജെ.പി ഏക സിവിൽകോഡ് ഉയർത്തി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷ പ്രചാരണം തുടങ്ങിയ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പി നീക്കത്തിൽ വീഴില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടാണ് ഏക സിവിൽകോഡ് വിഷയത്തിൽ കരട് നിയമം വന്നാൽ നിലപാട് വ്യക്തമാക്കാമെന്ന് പറയുന്നതെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
'ഏക സിവിൽ കോഡ് മുസ്‍ലിം പ്രശ്‌നമല്ല'
ഏക സിവിൽകോഡിനെ മുസ്ലിം പ്രശ്നമാക്കി ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത് എന്ന വിമർശനം കോൺഗ്രസും മുസ്ലിം ലീഗും ഉയർത്തിക്കഴിഞ്ഞു. ബി.ജെ.പിയുടെ അതേ സമീപനമാണ് ഇക്കാര്യത്തിൽ സി.പി.എമ്മിന്റേത് എന്നതാണ് അവരുടെ ആരോപണം. ഏക സിവിൽകോഡിൽ സി.പി.എമ്മിന്റേത് ആത്മാർഥതയില്ലാത്ത നിലപാടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. സി.എ.എ വിരുദ്ധ സമരക്കാർക്കെതിരെ എടുത്ത കേസുകൾ ഇതുവരെ പിൻവലിച്ചിട്ടില്ല. ഏക സിവിൽകോഡ് വിരുദ്ധ സമരത്തിനിറങ്ങുന്നതിന് മുമ്പ് സി.എ.എ കേസുകൾ സി.പി.എം പിൻവലിക്കണം. സി.എ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത് മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ്. ബി.ജെ.പിയുടെ അതേ ശൈലിയാണ് സി.പി.എമ്മും സ്വീകരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
ഏക സിവിൽകോഡ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചാൽ ന്യൂനപക്ഷ സമുദായത്തെ കൂടെനിർത്താമെന്ന പ്രതീക്ഷയിലാണ് സി.പി.എം. എന്നാൽ സി.എ.എ സമരക്കാർക്കെതിരെ കേസെടുത്തത് അടക്കം ചൂണ്ടിക്കാട്ടി സി.പി.എമ്മിനെതിരെ ക്യാമ്പയിൻ നടത്തുമെന്ന കോൺഗ്രസ് നിലപാടാണ് ഇന്ന് പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിലൂടെ വ്യക്തമായത്.
എക്കാലവും യു.ഡി.എഫുമായി ചേർന്നുനിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷ അനുഭാവം പുലർത്തുന്നതാണ് സി.പി.എം ഇപ്പോൾ കാണുന്ന മറ്റൊരു അനുകൂല ഘടകം. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലും ബ്ലോക്ക് പ്രസിഡന്റ് നിർണയത്തിലും മുസ്‌ലിംകളെ അവഗണിക്കുന്നുവെന്നും കേരളത്തിൽ സമുദായത്തിന് ബദലുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ നേരത്തെ രംഗത്തുവന്നിരുന്നു. എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി ആണ് സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്. ജിഫ്രി തങ്ങൾ അത് തള്ളിയെങ്കിലും സമസ്തയിലെ ഒരു വിഭാഗത്തിൽ സി.പി.എമ്മിന് പ്രതീക്ഷയുണ്ട്.
ഇതിനിടെ സമസ്ത കേന്ദ്ര മുശാവറാംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായി ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നതിനെതിരെ പരസ്യമായി രംഗത്തെത്തി. സമസ്തയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചെഴുതിയ കുറിപ്പിലാണ് നദ്വി സമകാലിക വിഷയങ്ങളെക്കുറിച്ച് തുറന്നെഴുതിയത്. മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.
'സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നേതാക്കന്മാരിലും സാരഥികളിലും ആരും തന്നെ നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചങ്ങാത്തം പുലർത്തുന്ന, സൗഹൃദം സൂചിപ്പിക്കുന്ന ഒരു വാക്കു പോലും എവിടെയും സംസാരിച്ചതായി കാണാൻ സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇക്കാലമത്രയും സമസ്തയും മുസ്‌ലിം ലീഗും ഏക മനസ്‌കമായി പ്രവർത്തിച്ചതിനാലാണ് കേരളത്തിൽ മുസ്‌ലിംകൾക്ക് സവിശേഷമായ അസ്തിത്വ വികസനമുണ്ടായത് എന്ന വസ്തുത നാം വിസ്മരിച്ച് കൂടാ. സംഘടനക്കകത്ത് ലീഗ്-പാണക്കാട് വിരോധവും ആദർശക്ഷയവും പറഞ്ഞ് ചിലർ രംഗത്തുവന്നെങ്കിലും 1989ൽ നേതൃത്വം അവരെ പുറത്തേക്കിടുകയാണ് ചെയ്തത്'-ബഹാഉദ്ദീൻ നദ്വി എഴുതി. ഏക സിവിൽ കോഡ് വിഷയത്തിൽ സമസ്തയെ അപ്പാടെ കൂടെനിർത്താൻ സി.പി.എമ്മിനാകില്ലെന്നതിന്റെ സൂചനയാണിത്.
'ധൃതരാഷ്ട്രാലിംഗനം വേണ്ട'
ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എമ്മിനെ എത്രത്തോളം വിശ്വാസത്തിലെടുക്കാനാവുമെന്ന ചോദ്യവും മുസ്ലിം സംഘടനകൾക്കിടയിൽ ഉയരുന്നുണ്ട്. സിവിൽ കാര്യങ്ങളിൽ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നതിന് തടസ്സമാകുമെന്നതാണ് ഏക സിവിൽകോഡ് സംബന്ധിച്ച് മുസ്ലിം സമുദായത്തിനുള്ള ആശങ്ക. എന്നാൽ വിവാഹം, വിവാഹമോചനം, അനന്തരസ്വത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഇസ്‌ലാമിക വ്യക്തിനിയമം പൊളിച്ചെഴുതണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഇത്തരം വിഷയങ്ങളിൽ ശരീഅത്ത് വിവാദക്കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാട് ഉയർത്തിയ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്ന് മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
താത്വികമായി സി.പി.എം ഏക സിവിൽകോഡിന് അനുകൂലമാണ്. നിലവിൽ സംഘ്പരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി അത് കൊണ്ടുവരുന്നു എന്നത് മാത്രമാണ് അവരുടെ എതിർപ്പിന് കാരണം. ഈ വശം ഉയർത്തിപ്പിടിച്ച് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ രംഗത്തുവന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ശരീഅത്തിനോടുള്ള സി.പി.എം നിലപാട് ആദ്യം വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 'ഏക സിവിൽ കോഡിനെതിരായ സിപിഎം യോഗ തീരുമാനങ്ങളെയും ശ്രീ. എം.വി ഗോവിന്ദന്റെ പ്രസ്താവനയെയും പോസിറ്റീവായി തന്നെ കാണാനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ഏക സിവിൽകോഡിനെ സംശയത്തോടെ കാണാൻ മുസ്‌ലിം വിഭാഗത്തെ പ്രേരിപ്പിക്കുന്ന ചില പ്രധാനഘടകങ്ങളുണ്ട്. അതു ഇസ്‌ലാമിക ശരീഅത്തും, വ്യക്തിനിയമങ്ങളും ഹനിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്. വിവാഹം, വിവാഹമോചനം, അനന്തര സ്വത്തവകാശ നിയമം, ആൺ-പെൺ സ്വത്തനുപാതങ്ങൾ തുടങ്ങിയവ അതിൽ പ്രധാനങ്ങളാണ്. ഇവയിലൊക്കെ സി.പി.എമ്മിന്റെ നിലവിലെ നിലപാടുകൾ അറിയാൻ താൽപര്യമുണ്ട്. നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതുകൂടി പറഞ്ഞ് കൊണ്ടാവണം ഈ ചേർത്തുപിടിക്കൽ' - സത്താർ പന്തല്ലൂർ എഴുതി.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ വിമർശിക്കുകയും തന്റെ ഭാര്യയെ രണ്ടാമത് രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്ത സിനിമാ നടനും സി.പി.എം സഹയാത്രികനുമായ ഷുക്കൂർ വക്കീലിന്റെ നടപടിയെയും സത്താർ പന്തല്ലൂർ പരാമർശിക്കുന്നുണ്ട്. കാസർകോട്ടെ പ്രമുഖ സി.പി.എം നേതാവായ വി.പി.പി മുസ്തഫ ഈ രണ്ടാം വിവാഹ രജിസ്‌ട്രേഷന് പിന്തുണയുമായി എത്തിയിരുന്നു. ഈ നടപടിയെയും സത്താർ പന്തല്ലൂർ വിമർശിക്കുന്നുണ്ട്. ധൃതരാഷ്ട്ര ആലിംഗനവുമായി ആരും വരേണ്ടെന്ന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. 'ഇസ്‌ലാമിക ശരീഅത്തിനോടും, വ്യക്തിനിയമങ്ങളോടും കടുത്ത വിയോജിപ്പ് നിലനിർത്തികൊണ്ടുതന്നെ ഏക സിവിൽകോഡ് വിരുദ്ധ സമരത്തിലേക്ക് മുസ്‌ലിംകളെ ക്ഷണിക്കുന്നത് സദുദ്ദേശ്യപരമാണോ? ഇന്ത്യൻ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ അണുവിലും അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് അവന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ധൃതരാഷ്ട്രാലിംഗനവുമായി ദയവു ചെയ്ത് ആരും കടന്നുവരരുത്'-സത്താർ പന്തല്ലൂരിന്റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
ഏക സിവിൽകോഡ് ഒരു മുസ്ലിം വിഷയമെന്ന നിലയിൽ എടുത്തുചാടുന്നത് സംഘ്പരിവാർ അജണ്ടക്ക് വളംവെക്കലാകുമെന്ന അഭിപ്രായം മുസ്ലിം സംഘടനകൾക്കിടയിലും ബുദ്ധിജീവികൾക്കിടയിലുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ തെരുവിൽ ഇറങ്ങേണ്ടതില്ലെന്നതാണ് രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ തീരുമാനം. ഭരണഘടനയുടെ ഖണ്ഡിക 25നും 26നും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ നിയമപോരാട്ടം നടത്താനാണ് സംഘടനയുടെ തീരുമാനം. ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ നേതൃത്വവും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് വിഷയത്തിൽ എടുക്കുന്ന തീരുമാനങ്ങളോടൊപ്പം നിൽക്കുകയാണ് സംഘടനാ നിലപാടെന്ന് ജമാഅത്ത് ദേശീയ മീഡിയ സെക്രട്ടറി കെ.കെ സുഹൈൽ മീഡിയാവണിനോട് പറഞ്ഞു. ഹിന്ദു സമുദായങ്ങളിലെ ആചാരവൈരുധ്യങ്ങളെയെല്ലാം ഒറ്റ കോഡിൽ ഒതുക്കിയെടുക്കാൻ സാധ്യമാവില്ലെന്നും ഏക സിവിൽ കോഡ് മുസ്‌ലിംകളെക്കാൾ ബാധിക്കുക ഹിന്ദുക്കളെയായിരിക്കുമെന്നും കരുതുന്നവർ മുസ്‌ലിം നേതൃത്വത്തിലുണ്ട്.
ഏക സിവിൽ കോഡിന്റെ പേരിൽ മതധ്രുവീകരണം സൃഷ്ടിക്കാനും സംരക്ഷകവേഷം കെട്ടാനും ആരും വരേണ്ടെന്നാണ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പ്രതികരിച്ചത്. 'യൂനിഫോം സിവിൽകോഡിന്റെ പേരിൽ മതദ്വന്ദ്വം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നായാലും പ്രബുദ്ധ സമൂഹമതിനെ ചെറുത്തുതോൽപ്പിക്കും. മുസ്ലിം സമൂഹത്തിന് ഒരു നിലക്കും ഏക സിവിൽകോഡിനോട് യോജിക്കാനാവില്ല. സ്വാഭാവികമായും മുസ്ലിം സംഘടനകൾ ഇതിനോട് ഒറ്റക്കും കൂട്ടായും പ്രതികരിക്കും. പക്ഷെ, ഇതുവഴി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ വിദ്വേഷം വളർത്താനോ സമുദായ സംരക്ഷക വേഷം കെട്ടാനോ ആരും തുനിയരുത്' - മുജീബുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏക സിവിൽകോഡ് വിഷയത്തിൽ മുസ്ലിം സംഘടനകളെക്കാൾ ആവേശം കേരളത്തിലെ സി.പി.എം കാണിക്കുന്നുവെന്ന തോന്നൽ മുസ്‍ലിം നേതാക്കളിലുണ്ട്. അത്തരമൊരു ആവേശക്കളിക്ക് തങ്ങളില്ലെന്ന സന്ദേശമാണ് ഇതിനകം പുറത്തുവന്ന മുസ്ലിം നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാവുന്നത്.
Summary: CPM to reap political gains on Single Civil Code; Muslim organizations raised questions