ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു
വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി ജയരാജന് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. പാർട്ടി നിയോഗിച്ച മൂന്നംഗഅന്വേഷണ കമ്മിഷനാണ് വിവാദം അന്വേഷിച്ചത്.
സി.പി.എം നേതാവ് പി ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം പാർട്ടി അവസാനിപ്പിക്കുന്നു. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി ജയരാജന് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. പാർട്ടി നിയോഗിച്ച മൂന്നംഗഅന്വേഷണ കമ്മിഷനാണ് വിവാദം അന്വേഷിച്ചത്. പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെയാണ് പാർട്ടിക്കകത്ത് വലിയ ചർച്ചയായത്.
എ.എൻ.ഷംസീർ, എൻ.ചന്ദ്രൻ, ടി.ഐ.മധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ പരിശോധിച്ചത്. വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോർഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമർശവിധേയമായത്. സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ചനടത്തുകയും വ്യക്തിപ്രഭാവമുയർത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു.
കണ്ണൂർ തളാപ്പിൽ സംഘ്‌പരിവാർ സംഘടനകളിൽനിന്ന് സി.പി.എമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അർജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വെച്ചിരുന്നത്. തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധമില്ലെന്ന് പി. ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.