സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് കുമളിയിൽ; എസ്.രാജേന്ദ്രനെതിരായുള്ള അച്ചടക്ക നടപടിയടക്കം ചർച്ചയാകും
പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
സി. പി. ഐ. എം. ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് കുമളിയിൽ തുടങ്ങും.എസ്.രാജേന്ദ്രനെതിരായുള്ള അച്ചടക്ക നടപടി യടക്കം സമ്മേളനത്തിൽ ചർച്ചയാകും. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മുല്ലപ്പെരിയാറും കാർഷിക ഭൂപ്രശ്‌നങ്ങളും മുന്നിലുണ്ടെങ്കിലും മുൻ എം.എൽ.എ എസ് രാജേന്ദ്രനെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യമാണ് സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി ശുപാർശ നൽകിയിരുന്നു.
ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളിൽ നിന്ന് രാജേന്ദ്രൻ വിട്ടുനിന്നതും പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചു. മുതിർന്ന നേതാവ് എം.എം മണിയും രാജേന്ദ്രനെതിരെ നിശിത വിമർശനമുയർത്തിയിരുന്നു. അഭ്യൂഹങ്ങൾക്കിടയിൽ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് രാജേന്ദ്രൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ 14 ഏരിയാ കമ്മിറ്റികളിൽ നിന്നായി 196 പേരാണ് മാത്രമാണ് ഇത്തവണ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമാപന ദിവസമായ അഞ്ചിന് നടക്കുന്ന പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ജില്ല സെക്രട്ടറിയായി കെ. കെ. ജയചന്ദ്രൻ തുടരുമെന്നാണ് സൂചന.സെക്രട്ടറിയേറ്റംഗങ്ങളായ സി.വി.വർഗീസ്, കെ.വി ശശി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.