മേയറുടെ കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കും: സിപിഎം
ഡി.ആർ അനിലിന്റെ കത്തിനെ ആനാവൂർ ന്യായീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദം അന്വേഷിക്കുമെന്ന് സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഈ കാര്യം അറിയിച്ചത്. കത്തിന്റെ ഉറവിടം കണ്ടെത്തുമെന്നും തെറ്റ് ആര് ചെയ്താലും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡി.ആർ അനിലിന്റെ കത്തിനെ ആനാവൂർ ന്യായീകരിച്ചു. കുടുംബശ്രീയിൽ നിന്ന് ലിസ്റ്റ് പെട്ടന്ന് കിട്ടാനാണ് കത്ത് എഴുതിയതെന്നാണ് അനിൽ പറഞ്ഞത്. അതും അന്വേഷിക്കുമെന്നും ആനാവൂർ പറഞ്ഞു. പാർട്ടിക്കുള്ളിൽ വിഭാഗീയത ഇല്ലെന്നും, അതെല്ലാം മാധ്യമപ്രചരണം മാത്രമാണെന്നും ആനാവൂർ കൂട്ടിച്ചേർത്തു.
മേയറുടെ രാജി ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നഗരസഭ കൗൺസിലർമാർ നടത്തിയത്.മേയറുടെ രാജി ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നഗരസഭ കൗൺസിലർമാർ നടത്തിയത്.ഇതിനെതുടർന്ന് കോർപ്പറേഷനുള്ളിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബിജെപി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാരും കോർപ്പറേഷനിൽ പ്രതിഷേധിക്കുന്നുണ്ട്. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്‌തെന്നാണ് സിപിഎമ്മിന്റെ ആരോപണം.
കത്ത് വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പാർട്ടി നിർദേശപ്രകാരം മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു, തുടർന്നാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്.