വിഭാഗീയതയില്‍ കടുത്ത നടപടി; കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിലാണ് തീരുമാനം
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സിപിഎം സംസ്ഥാന നേതൃത്വം. നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിലാണ് തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ പ്രശ്രനങ്ങൾ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
വിഭാഗീയത ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും ഭിന്നാഭിപ്രായങ്ങളുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു. അച്ചടക്ക നടപടി ഉടൻ വേണമെന്ന് ഒരുപക്ഷം നിലപാടെടുത്തപ്പോൾ വിമതർക്ക് പറയാനുള്ളത് കേൾക്കണം എന്നും ആവശ്യം ഉയർന്നു.
'സേവ് സിപിഎം' എന്ന പ്ലക്കാർഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടൽ. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഎം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനെതിരെയും ആരോപണമുണ്ട്.
കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ഈയിടെ നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.