സി.പി.എം കാസർകോട്, തൃശൂർ ജില്ല സമ്മേളനങ്ങൾക്ക് നാളെ തുടക്കമാവും
കോവിഡ് അതി രൂക്ഷമായ തൃശൂർ ജില്ലയിൽ 175 പേരെ പങ്കെടുപ്പിച്ച് കൊണ്ട് സമ്മേളനം നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്
സി.പി.എം ജില്ലാ സമ്മേളനത്തിന് കാസർകോട് മടിക്കൈ അമ്പലത്തുകര ഒരുങ്ങി കഴിഞ്ഞു. എങ്ങും ചുമന്ന കമാനങ്ങളും കൊടിതോരണങ്ങളും മാത്രം. റോഡരികിൽ വിവിധ കലാരൂപങ്ങൾ ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയുമടക്കം നിരവധി പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ജില്ലയിലെ 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 150 പ്രതിനിധികളും 35 ജില്ല കമ്മിറ്റി അംഗങ്ങളും ഉൾെപ്പടെ 185പേർ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ രാവിലെ 9.30 പ്രതിനിധി സമ്മേളന നഗരയിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. എസ് രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.കോവിഡ് പ്രോട്ടോക്കേൾ പാലിക്കുന്നതിന്റെ ഭാഗമായി പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം,രക്തസാക്ഷികുടുംബ സംഗമം, പൊതുസമ്മേളനത്തിലേക്കുള്ള കൊടി, കൊടിമര ജാഥകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
തൃശൂർ ജില്ല സമ്മേളനം നാളെ മുതൽ ആരംഭിക്കും. കോവിഡ് വ്യാപനത്തിനിടയിലും 175 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. 21,22,23 തിയ്യതികളിലാണ് സമ്മേളനം. കോവിഡ് അതി രൂക്ഷമായ തൃശൂർ ജില്ലയിൽ 175 പേരെ പങ്കെടുപ്പിച്ച് കൊണ്ട് സമ്മേളനം നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.