സി.പി.എം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു
അന്തരിച്ച സി.പി.എം നേതാവും നിയമസഭാംഗവും എം.പിയുമായിരുന്ന ഇ.ബാലാനന്ദന്‍റെ ഭാര്യ കൂടിയാണ് സരോജിനി ബാലാനന്ദൻ.
സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. എറണാകുളത്ത് മകളുടെ വീട്ടിൽ വിശ്രമ ജീവിതത്തിൽ കഴിയവേയാണ് അന്ത്യം.സംസ്കാരം പിന്നീട് നടക്കും. അന്തരിച്ച സി.പി.എം നേതാവും നിയമസഭാംഗവും എം.പിയുമായിരുന്ന ഇ.ബാലാനന്ദന്‍റെ ഭാര്യ കൂടിയാണ് സരോജിനി ബാലാനന്ദൻ.
ഇന്നലെ രാത്രി പത്തരയോടെയാണ് സരോജിനി ബാലാനന്ദന്‍റെ അന്ത്യം.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒന്‍പതരയോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1980-85 കാലഘട്ടത്തിൽ കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റായി രാഷ്ട്രീയ രംഗത്ത് തുടക്കം കുറിച്ച സരോജിനി ബാലാനന്ദൻ വനിതാ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന ചൂഷണങ്ങൾ എന്നീ വിഷയങ്ങളില്‍ പരാതിക്കാരോടൊപ്പം നിന്ന് പോരാടിയ വ്യക്തിത്വമായിരുന്നു സരോജിനി ബാലാനന്ദൻറേത്. ഇരയാകുന്നവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശക്തമായ ഇടപെടലുകൾ നടത്തി.
പ്രാദേശിക രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയ ശേഷം ആയിരുന്നു പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സരോജിനിയുടെ വളർച്ച. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. സരോജിനി ബാലാനന്ദന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.