കസ്റ്റഡിയിലെടുത്ത നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ അതിക്രമം
തട്ടുകടയിലെ പ്രശ്നത്തെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്
തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ പരാക്രമം. കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു നേതാക്കൾ പോലീസുകാരോട് തട്ടിക്കയറിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു.
തട്ടുകടയിലെ പ്രശ്നത്തെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കറി കുറഞ്ഞുപോയതിനെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട സംഘം പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.
തട്ടുകടക്കാർക്ക് പരാതി ഇല്ലാത്തതിനാൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ് എടുത്തിട്ടില്ല. പക്ഷേ സ്റ്റേഷനിലെ പാറാവുകാരന്റെ പരാതിയിൽ രതീഷിനെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയും കേസെടുത്തു.
Watch Video Report