മുസ്ലിം പെൺകുട്ടികൾക്ക് എതിരെയുള്ള സിപിഎം നേതാവിന്റെ പ്രസ്താവന പ്രതിഷേധാർഹം: ഐ.എസ്.എം
'മതനിരപേക്ഷ സമൂഹത്തെ അല്ല മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ പ്രസ്താവന'
കോഴിക്കോട്: മലബാറിലെ മുസ്ലിം പെൺകുട്ടികൾ തട്ടമഴിച്ചു വെക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ പോരാട്ടമാണ് എന്ന സിപിഎം നേതാവ് അനിൽകുമാറിന്റെ പ്രസ്താവനയോട് പ്രതിഷേധം രേഖപ്പെടുത്തി ഐഎസ്എം. മതനിരപേക്ഷത സമൂഹത്തെ അല്ല മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ പ്രസ്താവന. കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ലിബറലിസവും നാസ്തികതയുമാണ് പുതിയ തലമുറയിൽ കുത്തിവെക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനയെന്നും ഐഎസ്എം പത്രക്കുറിപ്പില്‍ പറഞ്ഞു.
'ജെൻഡർ ന്യൂട്രൽ ചിന്തകൾ അപ്രയോഗികമാണ് എന്ന് വ്യക്തമായിട്ടും പാഠ്യപദ്ധതി ചട്ടക്കൂടിൽ നിന്നും ഒഴിച്ചുനിർത്താൻ സാധിക്കാത്തതിൻ്റെ കാരണവും മറ്റൊന്നുമല്ല. മത രഹിത സമൂഹ സൃഷ്ടിയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നതുകൊണ്ടാണ് ഈ ചർച്ചകൾ മുഴുവൻ അട്ടിമറിച്ച് ഈ ആശയങ്ങളെ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നത്. സിപിഎമ്മിന് മുസ്ലിം സമുദായത്തിന്റെ വിശ്വാസങ്ങളോട് മാത്രം എന്താണ് ഇത്ര പ്രശ്നം എന്ന് സമുദായ നേതൃത്വങ്ങൾ ചിന്തിക്കേണ്ടതിനോടൊപ്പം മുസ്ലിങ്ങളായ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ആലോചിക്കേണ്ടതുണ്ട് എന്ന് ഐഎസ്എം വിലയിരുത്തുന്നു. ഈ പ്രസ്താവനകളെക്കുറിച്ച് ഇടതുപക്ഷ നേതൃത്വം നിലപാട് വ്യക്തമാക്കേണ്ടതുണ്ട്'. ഐഎസ്എം സംസ്ഥാന കമ്മിറ്റി പറഞ്ഞു.