ലീഗിനെ ലക്ഷ്യമിട്ട് വീണ്ടും സി.പി.എം; യു.ഡി.എഫിൽ പുതിയ പ്രതിസന്ധി?

ഏക സിവിൽകോഡ് സ്വകാര്യ ബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യവും ചർച്ചകൾക്ക് ആക്കംകൂട്ടിയിരിക്കുകയാണ്

Update: 2022-12-11 01:34 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മുസ്‌ലിം ലീഗിനെ ലക്ഷ്യംവച്ചുള്ള സി.പി.എം നീക്കങ്ങളും ലീഗിന്റെ പ്രതികരണങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നു. ചാൻസലർ ബില്ലുമായി ബന്ധപ്പെട്ട ലീഗ് നിലപാടുകളാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. ഏക സിവിൽകോഡ് സ്വകാര്യ ബില്ലായി പാർലമെന്റിൽ എത്തിയ സമയത്തെ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യവും ചർച്ചകൾക്ക് ആക്കംകൂട്ടി.

ചാൻസലർ ബില്ലിനെ തുടർന്നുണ്ടായ സാഹചര്യം മുന്നണിമാറ്റ ചർച്ചകളാണെന്ന വാദങ്ങളെ നേതാക്കൾ തള്ളിക്കളയുന്നുണ്ടെങ്കിലും അങ്ങനെയങ്ങ് തള്ളാൻ കഴിയുന്നതല്ല പുതിയ സാഹചര്യമെന്ന സൂചനയാണ് ലീഗ്-സി.പി.എം പാർട്ടികൾക്കകത്തെ ചർച്ചകൾ നൽകുന്നത്. സി.പി.എമ്മിനൊപ്പം സഹകരിക്കാമെന്ന് കരുതന്നവരും എതിർക്കുന്നവരും തമ്മിലെ പോരാട്ടമാണ് അടുത്തിടെ ലീഗിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ കാതൽ.

ഏറ്റവുമൊടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ലീഗിനെ ലക്ഷ്യമിട്ട് പരസ്യപ്രസ്താവന നടത്തിയത്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയായാണ് അവരെ സി.പി.എം കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നു ഗോവിന്ദൻ വ്യക്തമാക്കി. ലീഗിനെ യു.ഡി.എഫിൽ നിന്നും അടർത്തിയെടുക്കാൻ നോക്കേണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.

ചാൻസലർ ബില്ലിലെ ലീഗിന്റെ വ്യത്യസ്ത അഭിപ്രായവും അതിനു പിന്നാലെ ലീഗ് വർഗീയ പാർട്ടിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെയും കൂട്ടിവായിക്കാതിരിക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസ് നേതൃതലത്തിലെ മാറ്റത്തിനുശേഷം ലീഗ്-കോൺഗ്രസ് നേതൃസൗഹൃദം പൂർണാർത്ഥത്തിലെത്തിയോ എന്നു സംശയമുള്ളവരുണ്ട്. ബംഗാൾമോഡൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സി.പി.എം നടത്തുന്ന നീക്കങ്ങളും യു.ഡി.എഫിന് തലവേദനയുണ്ടാക്കുന്നു.

ചാൻസലർ ബില്ലിലുൾപ്പെടെ നിയമസഭയ്ക്കകത്തും പുറത്തും ലീഗിനെ പ്രത്യേകം പ്രശംസിക്കുന്ന സി.പി.എം സമീപനം കൃത്യമായ ലക്ഷ്യബോധമുള്ളതാണ്. ഏക സിവിൽകോഡിനായുള്ള സ്വകാര്യ ബില്ല് രാജ്യസഭയിൽ എത്തിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ ഇല്ലാതിരുന്നതുപോലുള്ള സംഭവങ്ങളും ഗുണകരമാകുമെന്നാണ് സി.പി.എമ്മും ലീഗിലെ ഒരു വിഭാഗം നേതാക്കളും കരുതുന്നത്. പൊടുന്നനെ മുന്നണിമാറ്റം നടക്കുമെന്ന് ആരും കരുതുന്നില്ലെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം വലിയ മാറ്റങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ലീഗിനെ കൂടെനിർത്താനുള്ള കോൺഗ്രസ് തന്ത്രങ്ങളും സി.പി.എമ്മിനൊപ്പം പോകുന്നതിനെ എതിർക്കുന്ന ലീഗിനകത്തെ നേതാക്കളുടെ നീക്കങ്ങളുമാകും ഇനിയുള്ള സമയം നിർണായകമാവുക.

ലീഗിന് എം.വി ഗോവിന്ദന്റെ 'ക്ഷണം'

മുസ്ലിം ലീഗിന്റെ ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയായാണ് അവരെ സി.പി.എം കണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വർഗീയ പാർട്ടിയാണെന്നൊന്നും തങ്ങൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

''ഏക സിവിൽകോഡ്, വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചുവരുന്ന എല്ലാവരെയും എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നു. ആരുടെ മുന്നിലും ഇടതുമുന്നണി വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയ്ക്കെതിരായ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വലിയ ഒരുമൂവ്മെന്റ് ഇന്ത്യയിൽ രൂപപ്പെട്ട് വരണം. അതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ശക്തിപ്പെടണം. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ ശക്തികളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നുള്ളതാണ് ലക്ഷ്യം. മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുക എന്നുള്ള നിലപാട് സ്വീകരിച്ചിട്ടേയില്ല.''

''പല വിഷയങ്ങളിലും ലീഗെടുത്തിട്ടുള്ള നിലപാട് കോൺഗ്രസിന് അനകൂലമല്ല. നിയമസഭ പാസാക്കിയ ബില്ലിന് ഒപ്പിട്ടുകൊടുക്കരുതെന്ന് പോലും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ഗവർണർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്''- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Summary: CPM moves targeting Muslim League, League's reactions and crisis in UDF are once again being discussed in state politics

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News