സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍
അടുത്ത മാസം പകുതിയോടെ ബ്രാഞ്ച് സമ്മേളനങ്ങളും ജനുവരി ആദ്യത്തോടെ ജില്ലാ സമ്മേളനങ്ങളും ആരംഭിക്കും.
സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടക്കുന്നു. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്തുവെച്ച് നടക്കും. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയിലാകും നടക്കുക. സമ്മേളനങ്ങളുടെ ആദ്യ ഘട്ടമായ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് അടുത്ത മാസം സെപ്റ്റംബറില്‍ തുടക്കമാകും. 75 വയസ് എന്ന പ്രായപരിധി സംസ്ഥാന കമ്മിറ്റിയിലും ബാധകമാക്കാനാണ് പാര്‍ട്ടി തീരുമാനം.
കഴിഞ്ഞ വര്‍ഷം നടക്കേണ്ട പാര്‍ട്ടി സമ്മേളനങ്ങള്‍ തെരഞ്ഞെടുപ്പിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിലാണ് സി.പി.എം മാറ്റി വച്ചത്. എന്നാല്‍ സമ്മേളനം അധികം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് വേഗത്തില്‍ സമ്മേളനങ്ങള്‍ നടത്താന്‍ സി.പി.എം തീരുമാനമെടുക്കുന്നത്. 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലായിരിക്കും നടക്കുക. സംസ്ഥാന സമ്മേളനം എറണാകുളത്തോ കൊല്ലത്തോ വെച്ച് നടത്താമെന്ന തരത്തില്‍ ആദ്യഘട്ട ചര്‍ച്ച ഉയര്‍ന്നു വന്നെങ്കിലും മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളത്ത് സമ്മേളനം നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഫെബ്രുവരി മാസത്തില്‍ സംസ്ഥാന സമ്മേളനം നടക്കും. അടുത്ത മാസം പകുതിയോടെ ബ്രാഞ്ച് സമ്മേളനങ്ങളും ജനുവരി ആദ്യത്തോടെ ജില്ലാ സമ്മേളനങ്ങളും ആരംഭിക്കും.