സി.പി.എം സംസ്ഥാന സമ്മേളനം; സംസ്ഥാന നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലയിലെ പ്രതിനിധികൾ

വി.പി സാനുവും ഇ. ജയനും വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചു

Update: 2022-03-02 15:39 GMT
Advertising

സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ നേതൃത്വത്തിനെതിരെ വിമർശനം. മലപ്പുറം ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് മലപ്പുറം ജില്ലയിലെ പ്രതിനിധികൾ. വി.പി സാനുവും ഇ. ജയനും ഈ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചു.

സമ്മേളനത്തിൽ കണ്ണൂർ അടക്കമുളള ജില്ലകളിൽ നിന്ന് പൊലീസിനെതിരെയും വിമർശനമുയർന്നു. ചില പൊലീസുകാർക്ക് ഇടത് നയമില്ല. സംഘപരിവാർ നയമാണുള്ളത്. ഇത് ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു.

പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയാണ് ഇന്ന് പ്രധാനമായും നടന്നത്. പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉന്നയിച്ചിരുന്നു. ചില ജില്ലകളിൽ അവശേഷിക്കുന്ന വിഭാഗീയതക്ക് എതിരെയാണ് വിമർശനമുയർന്നത്. ആലപ്പുഴ, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ വിഭാഗീയതയുണ്ടെന്ന് റിപ്പോട്ടിൽ തന്നെ പറഞ്ഞിട്ടുണ്ട് . കർശന നടപടി എടുത്ത് വിഭാഗീയത അവസാനിപ്പിച്ചാൽ മാത്രമേ പാർട്ടി ഒറ്റക്കെട്ടായി നീങ്ങാനാകു എന്ന കാര്യവും ചർച്ചയിൽ ഉന്നയിച്ചിരുന്നു.

അതേസമയം ചർച്ച വികസന രേഖയിൽ കേന്ദ്രീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ജില്ലാ നേതൃത്വങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്നും നാടിൻറെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നും വികസനേ രേഖയിൽ പറയുന്നുണ്ട്. മാറി വരുന്ന സാമ്പത്തിക വ്യവസ്ഥയിൽ നാടിൻറെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നാണ് സി.പി. എം വ്യക്തമാക്കുന്നത്. സംസ്ഥാന വികസനത്തിന് ഇത്തരത്തിലുള്ള ഇടപെടലുകൾ വേണമെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ വാദം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News