'പ്രതിപക്ഷത്തിന് ആയുധം നൽകുന്ന സമരം'; എസ്.എഫ്.ഐ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും നടന്നത് പാർട്ടി അറിയാത്ത സമരമാണെന്നും സിപിഎം
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്ത് നടത്തിയ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും നടന്നത് പാർട്ടി അറിയാത്ത സമരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രതിപക്ഷം ആയുധം നൽകുന്നതാണ് സമരമെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.