പുതുപ്പള്ളി ഫലം: സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സി.പി.എം

മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങളോട് സംവദിക്കുന്നതു പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്

Update: 2023-09-09 02:05 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പുതുപ്പള്ളിയിലെ കനത്ത തോല്‍വിയോടെ സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളിലടക്കം സി.പി.എം തിരുത്തല്‍ വരുത്തിയേക്കും. സഹതാപതരംഗമാണെന്നു പറഞ്ഞൊഴിഞ്ഞെങ്കിലും തോല്‍വിക്ക് കാരണം അത് മാത്രമല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണവിരുദ്ധവികാരം മറികടക്കാനുള്ള തീരുമാനങ്ങളുണ്ടായേക്കും. മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങളോട് സംവദിക്കുന്നതും പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മൂന്നാഴ്ചക്ക് ശേഷം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ സഹതാപതരംഗം ആഞ്ഞുവീശിയതാണ് തോല്‍വിക്ക് കാരണമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. തരംഗത്തിനിടെ സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പരസ്യമായി പറയുന്നുണ്ട്. എന്നാല്‍ മൈക്കിന് മുന്നില്‍ പറയുന്നതല്ല പാർട്ടിക്കുള്ളിലെ ചർച്ച എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

കണ്ണടച്ച് ഇരുട്ടാക്കേണ്ടതില്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്. സഹതാപത്തിനൊപ്പം ഭരണവിരുദ്ധവികാരവും പുതുപ്പള്ളിയില്‍ ആഞ്ഞുവീശിയെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളിലടക്കം സി.പി.എം മാറ്റങ്ങള്‍ വരുത്തിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള കനത്ത തോല്‍വി സി.പി.എമ്മിന്‍റെ കണ്ണ് തുറപ്പിക്കുന്നതാണ്.

ഭരണവിരുദ്ധ വികാരം മറികടക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 2019ലെ ദുരന്തം ആവർത്തിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിലുണ്ട്. 2019ലേതുപോലെ ഒരു തുറന്ന തിരുത്തലിന് സി.പി.എം തയാറായേക്കും. നവംബറില്‍ രണ്ട് ഘടകകക്ഷി മന്ത്രിമാരെ മാറ്റി പുതിയ രണ്ടുപേരെ കൊണ്ടുവന്ന് മന്ത്രിസഭ പുനഃസംഘടനയുണ്ട്. സർക്കാരിന്‍റെ പ്രതിഛായ മാറ്റിയെഴുതാന്‍ സി.പി.എം മന്ത്രിമാരിലും വകുപ്പുകളിലും മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയും ഉയർന്നിട്ടുണ്ട്.

Full View

എന്തായാലും പുതുപ്പള്ളി തോല്‍വി പാർട്ടി ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ മൗനവും പ്രതിപക്ഷം വലിയ ആയുധമാക്കിയിരിന്നു. അതിനെ നേരിടാന്‍ മുഖ്യമന്ത്രി വീണ്ടും കൂടുതല്‍ പൊതുപരിപാടികളിലും മാധ്യമങ്ങളിലൂടെ ജനങ്ങളെ സംവേദിക്കുന്നതിലും സജീവമായേക്കും. ഇതിന് നവംബറില്‍ നടക്കുന്ന കേരളീയം പരിപാടി ഉപയോഗിക്കാനാണ് സർക്കാരിന്‍റെയും പാർട്ടിയുടെയും നീക്കം.

Summary: CPM to make corrections in the government and the party actions afterthe big defeat at Puthuppally

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News