'ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടേയും പിന്തുണ നേടി അധികാരത്തിലെത്തേണ്ട': സി.പി.എം
കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ അധികാരത്തില്‍ എത്താന്‍ ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടേയും പിന്തുണ തേടില്ലെന്ന് വിശദീകരിച്ച് സിപിഎം. ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇത് സംബന്ധിച്ച് വിശദീകരണങ്ങള്‍ നല്‍കുന്നത്. ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് അണികള്‍ക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് സി.പി.എം നീക്കം.
ഈരാറ്റുപേട്ടയിലെ അവിശ്വാസത്തെ എസ്.ഡി.പി.ഐ പിന്തുണച്ചതിന് പിന്നാലെ കോട്ടയം നഗരസഭിയിലെ എല്‍.ഡി.എഫ് അവിശ്വാസത്തെ ബി.ജെ.പിയും പിന്തുണച്ചിരുന്നു. ഇത് ഇടതുമുന്നണിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയ കക്ഷികളുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്ന തരത്തില്‍ സി.പി.എമ്മിനെതിരെ വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് താഴെത്തട്ടില്‍ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.
ബ്രാഞ്ച് സമ്മേളനങ്ങളില്‍ കോട്ടയം നഗരസഭയിലേയും ഈരാറ്റുപേട്ട നഗരസഭയിലേയും അവിശ്വാസം കൊണ്ടുവന്ന സാഹചര്യങ്ങളും അധികാരത്തിലെത്താന്‍ ഇവരുമായി കൂട്ടുകൂടില്ലെന്നുമാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. താഴെ തട്ടിലുള്ള അണികളെ കാര്യം ബോധിപ്പിക്കുന്നതിനുള്ള അവസരമായിട്ടാണ് ബ്രാഞ്ച് സമ്മേളനങ്ങളെ ഇപ്പോള്‍ കോട്ടയത്തെ സി.പി.എം നേതൃത്വം കാണുന്നത്.
ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് രണ്ട് നഗരസഭകളിലേയും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നതും സിപിഎമ്മിന് ആശ്വാസം നല്കുന്നുണ്ട്. എന്നാല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും പിന്തുണ സ്വീകരിച്ചാല്‍ അത് സംസ്ഥാന സമ്മേളനത്തില്‍ വരെ സി.പി.എമ്മിന് വലിയ തലവേദനയാകും.