ഹരിദാസ് കൊലക്കേസ് പ്രതിയെ വിളിച്ചത് ബന്ധുവെന്ന നിലയില്‍: പൊലീസുകാരന്‍റെ മൊഴി

ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകത്തിന് തൊട്ട് മുൻപ് പൊലീസുകാരനെ വിളിച്ചതായി കണ്ടെത്തിയിരുന്നു.

Update: 2022-02-24 04:36 GMT
Advertising

സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബി.ജെ.പി മണ്ഡലം പ്രസിഡന്‍റുമായ ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് പൊലീസുകാരന്‍റെ മൊഴി. അർധരാത്രി വാട്സ് ആപ്പില്‍ ലിജേഷിന്‍റെ മിസ്ഡ് കാൾ കണ്ട് തിരിച്ചു വിളിച്ചതാണെന്ന് സിപിഒ സുരേഷ് മൊഴി നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ സംഘം സുരേഷിന്റെ മൊഴി എടുത്തത്. ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകത്തിന് തൊട്ട് മുൻപ് സുരേഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കൊലയാളി സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ലിജേഷും ഹരിദാസനൊപ്പം മത്സ്യബന്ധനത്തിന് പോയ സുനേഷും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പിന്നാലെയാണ് പുന്നോൽ സ്വദേശി നിജിൽ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായാണ് സൂചന. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ കണ്ണൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.

ഉത്തര മേഖല ഐ ജി അശോക് യാദവിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. മുഖ്യ പ്രതികളെ കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്നും കേസിൽ അന്വേഷണം തുടരുകയാണന്നും ഐ ജി അശോക് യാദവ് പറഞ്ഞു. ഡിഐജി രാഹുൽ ആർ നായർ, കമ്മീഷണർ ആർ ഇളങ്കോ, അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രിൻസ് എബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News