കത്തിന് പിന്നിലാരെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്ന് ആനാവൂർ നാഗപ്പൻ; അന്വേഷണം അട്ടിമറിക്കുന്നെന്ന് കോൺഗ്രസ്
ചങ്കൂറ്റമുണ്ടെങ്കിൽ സർക്കാർ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി
തിരുവനന്തപുരം: നഗരസഭയിലെ വിവാദ കത്തിന് പിന്നിൽ ആരാണെന്നുള്ളത് ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. നഗരസഭയിൽ അഴിമതി രഹിത ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.മേയർ സത്യപ്രതിജ്ഞ ചെയ്തത് മുതൽ താഴെയിറക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും ബിജെപിയും. ബി.ജെ.പി ജയിച്ചാലും വേണ്ടിയില്ല,സി.പി.എം തോൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസ്.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ മേയർ ആര്യാ രാജേന്ദ്രൻ പറയുന്നുണ്ട് അത് താൻ എഴുതിയ കത്തെല്ല എന്ന്. എല്ലാ അഴിമതികളും മേയർകണ്ടുപിടിച്ച് നടപടി സ്വീകരിക്കുമ്പോഴാണ് മറ്റുള്ളവർ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കത്ത് വ്യാജമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ തള്ളി കോൺഗ്രസ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. മേയർ രാജിവെക്കും വരെ പ്രതിഷേധം നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം.ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബി.ജെ.പിയും തള്ളി. ഇങ്ങനെയൊക്കെ വരുമൊള്ളൂ ആദ്യമേ അറിയാമായിരുന്നെന്ന് ബി.ജെ.പി കൗൺസിലർ കരമന അജിത്ത് പറഞ്ഞു . ചങ്കൂറ്റമുണ്ടെങ്കിൽ സർക്കാർ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാണം കെട്ട് ഇറങ്ങുന്നതിന് മുന്പ് മേയര്‍ രാജിവെച്ച് പുറത്തുപോകണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാരേജന്ദ്രന്‍റെ പേരിലുണ്ടായ കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി അടുത്ത ദിവസം വിജിലൻസ് രേഖപ്പെടുത്തും.