പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന് വിമർശനം; സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വാഗ്വാദം
സെക്രട്ടറിയും അംഗങ്ങളും തമ്മിലാണ് വാഗ്വാദമുണ്ടായത്
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം. പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന് വിമർശനമാണ് തർക്കത്തിന് കാരണമായത്. കമ്മിറ്റിയിൽ സെക്രട്ടറി മറുപടി പറയുമ്പോഴായിരുന്നു വാഗ്വാദം. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമർശനത്തെ പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി പറഞ്ഞതിനെ അംഗങ്ങൾ ചോദ്യം ചെയ്തു. മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് തർക്കമായത്.
അംഗങ്ങൾ ഉന്നയിച്ചത് എന്താണെന്നുറപ്പാക്കാൻ മിനിട്സ് പരിശോധിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.സ്വരാജ് ഇടപെടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് വിഷയത്തിൽ ഇടപ്പെട്ട സ്വരാജ് വിമർശനം ശരിയായല്ല മനസിലാക്കിയതെന്നും ജില്ലാ സെക്രട്ടറി തിരുത്തണമെന്നും നിർദ്ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ മറുപടി തിരുത്തിയതിനു ശേഷമാണ് തർക്കം അവസാനിച്ചത്.