സി.എസ്.ഐ ആസ്ഥാനത്തെ ഇ.ഡി റെയ്ഡ്: ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പോര്‍വിളി

കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസിലാണ് ഇ.ഡി അന്വേഷണം

Update: 2022-07-26 01:15 GMT
Advertising

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇ.ഡി ചോദ്യംചെയ്തു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളജിലും നടന്ന പരിശോധന 13 മണിക്കൂർ നീണ്ടുനിന്നു. ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെ സഭാ ആസ്ഥാനത്ത് ബിഷപ്പ് അനുകൂലികളും ബിഷപ്പിനെ എതിർക്കുന്നവരും പരസ്പരം പോർവിളിച്ചു.

കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസിലാണ് ഇ.ഡി അന്വേഷണം. നാല് സ്ഥലങ്ങളിൽ ഇ.ഡി സംഘമെത്തി. ബിഷപ്പിന്‍റെ ആസ്ഥാനമായ എൽഎംഎസ്സിലും കാരണക്കോണം മെഡിക്കൽ കോളജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി.എസ്.ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തിയത്.

കേസിൽ ചോദ്യംചെയ്യലിനായി ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് യു.കെയിലേക്ക് പോകാനായിരിക്കെയാണ് ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം. സഭയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.

സഭാ സെക്രട്ടറി പ്രവീൺ നാടുവിട്ടെന്ന ആരോപണവും സഭ തള്ളി. ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെയായിരുന്നു സഭാ ആസ്ഥാനത്തെ ചേരിതിരിഞ്ഞുള്ള പോർവിളി. ഇനി ചോദ്യംചെയ്യുന്നതിനായി ഇ.ഡി നോട്ടീസ് നൽകിയിട്ടില്ലെന്നും ബിഷപ്പ് ഉടൻ യു.കെയിലേക്ക് പോകുമെന്നും സഭാ പ്രതിനിധികൾ അറിയിച്ചു. ബിഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News