കുസാറ്റ് അപകടം: പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 34 പേർ

കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം.

Update: 2023-11-26 02:45 GMT
Advertising

കൊച്ചി: കുസാറ്റിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ നൈറ്റിനിടെയാണ് അപകടം. മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത്. ഡി.ജെ നൈറ്റിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇതിൽ തന്നെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിക്ക് പൊലീസിന്റെ അനുമതി ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. അനുമതി തേടിയെന്ന് സർവകലാശാലയും അനുമതി തേടിയിരുന്നില്ലെന്ന് പൊലീസും പറയുന്നു.

സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നവർ മഴ പെയ്തപ്പോൾ അകത്തുകയറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ കുട്ടികൾ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും വന്നിട്ടുണ്ട്. അപകടത്തിൽ മരിച വിദ്യാർഥികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടു നൽകും. പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവും ആർബിന്ദും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംഭവത്തിൽ കളമശ്ശേരി പൊലീസും കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News