യുവാവിന്‍റെ കസ്റ്റഡി മരണം; വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റി
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് 66 പൊലീസുകാരെ മാറ്റിയത്
കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് 66 പൊലീസുകാരെ മാറ്റിയത്. കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ.ജി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഉത്തരമേഖല ഐ.ജി ടി വിക്രമാണ് റിപ്പോർട്ട് പൊലീസ് മേധാവിയ്ക്ക് കൈമാറിയത്. പൊലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നായിരുന്നു ഐ.ജിയുടെ കണ്ടെത്തൽ.
കഴിഞ്ഞയാഴ്ചയാണ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നാരോപിച്ച് പൊലീസ് സജീവനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.
പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയ്യാറായില്ല. സുഖമില്ലാതെ കിടക്കുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെയാണ് സജീവൻ മരിച്ചത്. സജീവനെ പൊലീസ് മര്‍ദിച്ചു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.