വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ എസ്ബിഐ ബാങ്കിൻ്റെ പേരിൽ സന്ദേശം; നമ്പറുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പ്
റിവാർഡ് തുക ലഭിക്കാൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക എന്ന തരത്തിൽ ആപ്പിന്റെ ലിങ്കോടു കൂടിയാണ് സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടത്
കൊച്ചി: എസ്ബിഐ ബാങ്കിൻ്റെ പേരിൽ വാട്സ്ആപ്പിലൂടെ വ്യാപക തട്ടിപ്പിന് ശ്രമം. വാട്സ്ആപ്പ് നമ്പറുകൾ ഹാക്ക് ചെയ്താണ് തട്ടിപ്പ്. ഒട്ടനവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബാങ്കിന്റെ പേരിൽ തെറ്റായ സന്ദേശം എത്തി. നിരവധി നമ്പറുകൾ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഐക്കൺ മാറ്റി എസ്ബിഐയുടെ ലോഗോ പകരം വെച്ചു. രാവിലെ പത്തോടുകൂടിയാണ് സംഭവം. റിവാർഡ് തുക ലഭിക്കാൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക എന്ന തരത്തിൽ ആപ്പിന്റെ ലിങ്കോടു കൂടിയാണ് സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടത്.
ഗ്രൂപ്പുകളുടെ അഡ്മിൻ പോലും അറിയാതെയാണ് ഇത്തരമൊരു സന്ദേശം ഗ്രൂപ്പിലെത്തിയത്. ഒരു നമ്പർ ഹാക്ക് ചെയ്ത് ആ നമ്പർ അഡ്മിനായി തുടരുന്ന അക്കൗണ്ടുകളിലേക്ക് അയക്കുന്നതരത്തിലാണ് തട്ടിപ്പ്. എന്നാൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇത്തരം സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.