സൈക്കിൾ പോളോ താരം ഷാനിദിനും കുടുംബത്തിനും സ്വന്തം വീടാകുന്നു; സ്ഥലം നൽകി പീപ്പിൾസ് ഫൗണ്ടേഷൻ
സ്വന്തമായി വീടില്ലാത്ത ഷാനിദിൻ്റെയും കുടുംബത്തിൻ്റെയും അവസ്ഥ മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സഹായവുമായി നല്ലമനസുകള്‍ രംഗത്തെത്തിയത്
കോഴിക്കോട്: സൈക്കിൾ പോളോ താരം മുഹമ്മദ് ഷാനിദിന് ഇനി സമാധാനിക്കാം. ചോരാത്ത സ്വന്തം വീട്ടിൽ ഉമ്മയും അർബുദരോഗിയായ ബാപ്പയും അനിയൻമാരുമൊത്ത് താമസിക്കാൻ ഇനി അധികം വൈകില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത അവനും കുടുംബവും ഇനി അഞ്ച് സെൻറ് ഭൂമിയുടെ ഉടമകളാണ്. ഷാനിദിൻ്റെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം നൽകിയിരിക്കുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ. ഭൂമി ലഭിച്ചതോടെ വീട് നിർമിക്കാനുള്ള നടപടികൾ സ്കൂളും ആരംഭിച്ചു.
സ്വന്തമായി വീടില്ലാത്ത ഷാനിദിൻ്റെയും കുടുംബത്തിൻ്റെയും അവസ്ഥ മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സഹായവുമായി നല്ലമനസുകള്‍ രംഗത്തെത്തിയത്. വാഹനാപകടത്തിൽ കാലിന് ചെറിയ പരിക്ക് പറ്റി ചികിത്സയിലാണ് ഷാനിദ്. ഷാനിദിന് വീട് വെയ്ക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷനാണ് ഭൂമി നൽകിയത്. കോഴിക്കോട് കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരിയിലാണ് അഞ്ച് സെൻറ് സ്ഥലം . ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സഹപാഠിക്കൊരു സമ്മാനം പദ്ധതിയുടെ ചടങ്ങിൽ ഭൂമിയുടെ രേഖകൾ കൈമാറി.
പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ മജീദില്‍ നിന്ന് ഷാനിദിന് സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോകാൻ സൈക്കിൾ സമ്മാനിച്ച അവന്‍റെ പ്രിയ്യപ്പെട്ട സുഹറ ടീച്ചര്‍ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂൾ മറ്റുള്ളവരുടെ സഹായത്തോടെ ഷാനിദിന് ഉടനെ തന്നെ വീട് വെച്ച് നൽകും.