38 ഇനം മത്സ്യങ്ങള്‍,300 കിലോ തൂക്കം; മീനുകള്‍ കൊണ്ടൊരു മുഖ്യമന്ത്രി, ഇത് മറ്റൊരു ഡാവിഞ്ചി വിസ്മയം
സംസം എന്ന പേരുള്ള വള്ളത്തിന്‍റെ മുന്‍വശത്തായി 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്‍റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്
തൃശൂര്‍: വ്യത്യസ്തതയാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍റെ മുഖമുദ്ര. ഡാവിഞ്ചിയുടെ കൈ പതിഞ്ഞാല്‍ അതില്‍ വിസ്മയിക്കാന്‍ തക്കവിധം എന്തെങ്കിലുമുണ്ടായിരിക്കും. വിറകുകള്‍ കൊണ്ടുള്ള പൃഥ്വിരാജ്, മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു മമ്മൂട്ടി, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മഞ്ജു വാര്യര്‍...അങ്ങനെ ഡാവിഞ്ചി അത്ഭുതപ്പെടുത്തിയ കരാവിരുതുകള്‍ നിരവധിയാണ്. ഇപ്പോഴിതാ മീനുകള്‍ കൊണ്ട് മുഖ്യമന്ത്രിയെ തീര്‍ത്തിരിക്കുകയാണ് ഈ കലാകാരന്‍. 38 ഇനം കടല്‍,കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ രൂപമൊരുക്കിയത്.
തൃശൂര്‍ കയ്പമംഗലത്തെ അഴീക്കോടാണ് സംസം എന്ന പേരുള്ള വള്ളത്തിന്‍റെ മുന്‍വശത്തായി 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്‍റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്. 300 കിലോയിലധികം മത്സ്യങ്ങളാണ് വേണ്ടിവന്നത്. ചെമ്മീന്‍, മാന്തള്‍, ക്ലാത്തി എന്നിവ ഉപയോഗിച്ചാണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയത്. നീളമേറിയ വാളയാണ് തലമുടിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. തെരണ്ടി, ചെമ്മീന്‍, കക്ക എന്നിവയാണ് മുക്കിന്റെ രൂപത്തിനായി ഉപയോഗിച്ചത്. ചെമ്മീന്‍, കക്ക, കടല്‍ ഞണ്ട്, കിളിമീന്‍ എന്നി മീനുകളാണ് നെറ്റി, മുഖം, ചുണ്ട് എന്നിവയ്ക്ക് നിറം നല്‍കിയത്. വാള, മുള്ളന്‍, അയല, മത്തി എന്നിവ ഉപയോഗിച്ച് ഷര്‍ട്ട് ഒരുക്കിയ സുരേഷ് വലിയ ബ്രാലുകള്‍ ഉപയോഗിച്ചാണ് ബോര്‍ഡര്‍ വരച്ചത്. എട്ടു മണിക്കൂര്‍ സമയമെടുത്താണ് കലാസൃഷ്ടി പൂര്‍ത്തിയാക്കിയത്.
ഡാവിഞ്ചിയുടെ ഫേസ്ബുക്ക് കുറിപ്പ്
മത്സ്യ ചിത്രം തീർത്ത് മുഖ്യമന്ത്രിക്ക് ആദരം
തൊണ്ണൂറ്റി മൂന്നാമത്തെ മീഡിയം കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് നിർമിച്ചു. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് മുപ്പത്തിഎട്ട് തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും ഉപയോഗിച്ച് വള്ളത്തിന്‍റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്‍റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്. രാത്രി രണ്ട് മണിയോടെ ആരംഭിച്ച ചിത്രരചന പൂർത്തിയാവാൻ എട്ട് മണിക്കൂർ വേണ്ടി വന്നു. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങൾ, റാഫി പി എച്ച്, ശക്തിധരൻ,അഷറഫ് പുവ്വത്തിങ്കൽ എന്നിവരും കൂടാതെ വള്ളത്തിലെ ജീവനക്കാരും സുരേഷിന്‍റെ സഹായികളായ ഷെമീർ പതിയാശ്ശേരി,ഫെബിതാടി,രാകേഷ് പള്ളത്ത് ക്യാമറാമാൻ സിംബാദ് എന്നിവരും ചിത്രം തീർക്കാൻ കൂടെ ഉണ്ടായിരുന്നു.
പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയമത്സ്യ തൊഴിലാളികളെ കേരളത്തിന്‍റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവ കേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നത്തിന്റെ ആദരസൂചകമായിട്ടാണ് മത്സ്യതൊഴിലാളികളുടെ ആവശ്യപ്രകാരം ചിത്രം നിർമ്മിച്ചത്. മൂന്നു വർഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന മത്സ്യ ചിത്രം എന്ന ആശയം സാക്ഷൽക്കരിക്കാൻ സുരേഷിന് സഹായമായി മുന്നോട്ടു വന്നത് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും നവകേരള സദസ്സ് മണ്ഡലം ജനറൽ കൺവീനർ ജില്ലാ ലേബർ ഓഫീസർ എം എം ജോവിനും ആണ്.