ഡി.സി.സി പട്ടിക അന്തിമം; കോണ്‍ഗ്രസിനകത്ത് പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്ന് കെ.സി വേണുഗോപാല്‍

"അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്"

Update: 2021-09-02 09:23 GMT
Advertising

കോൺഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണെന്നും ഇനി മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പാര്‍ട്ടിയാണ് മുഖ്യം. അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഗ്രൂപ്പില്ല, തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും വേണുഗോപാല്‍ പറഞ്ഞു. 

പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ല, പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണം. എല്ലാവരുടേയും അഭിപ്രായങ്ങള്‍ കെ. സുധാകരന്‍ വിശ്വാസത്തിലെടുക്കുമെന്നും ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെ കെ. സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ പറഞ്ഞു. 

കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News