മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ
ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും
കോഴിക്കോട്: മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരങ്ങളാണ് വൈറലായത്. തിരൂർ ,നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരകടലാസുകളാണ് ഇവ. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലങ്കിൽ സ്കൂളുകള്‍ക്ക് നേരെ നടപടിയുണ്ടാകും.
നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി ഒരു വിദ്യാർഥി രേഖപ്പെടുത്തിയത് ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് . മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. വിദ്യാർഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയിൽപെടുകയും പിന്നീടത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂളിലെ മലയാളം നാലാം ക്ലാസ് അദ്ധ്യപകന്‍ റിഫ ഷെലീസ് മീഡിയവണ്‍ വെബിനോട് വ്യക്തമാക്കിയിരുന്നു.