ഉപഗ്രഹ സർവേയിൽ പരാതി നൽകാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടണം: അമ്പൂരി ആക്ഷൻ സമിതി
അമ്പൂരി വില്ലേജിലെ 214 പ്ലോട്ടുകൾ പൂർണമായും 52 പ്ലോട്ടുകൾ ഭാഗികമായും പരിസ്ഥിതി ലോല മേഖല റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: ഉപഗ്രഹ സർവേയിൽ പരാതി നൽകാനുള്ള സമയപരിധി രണ്ടുമാസത്തേക്ക് നീട്ടണമെന്ന് ആവശ്യവുമായി അമ്പൂരി ആക്ഷൻ സമിതി. സർക്കാർ നീട്ടി നൽകിയ ജനുവരി ഏഴ് കൊണ്ട് മുഴുവൻ മേഖലയിലും വിവര ശേഖരണം നടത്താനാകില്ലെന്ന് കൗൺസിൽ രക്ഷാധികാരി ഫാദർ ജേക്കബ് ചീരംവേലിൽ മീഡിയവണിനോട് പറഞ്ഞു.
അമ്പൂരി വില്ലേജിലെ 214 പ്ലോട്ടുകൾ പൂർണമായും 52 പ്ലോട്ടുകൾ ഭാഗികമായും പരിസ്ഥിതി ലോല മേഖല റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രദേശം സന്ദർശിച്ച് വീടുകളും സ്ഥാപനങ്ങളും വ്യക്തമായി രേഖപ്പെടുത്താൻ അമ്പൂരി ഗ്രാമ പഞ്ചായത്ത് 10 അംഗ സന്നദ്ധ സേവകരെ നിയോഗിച്ചു. കുന്നും മലയും കയറിയുള്ള വിവര ശേഖരം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് അമ്പൂരി ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
ഇന്നലെ അമ്പൂരിയിൽ നടന്ന ബഹുജന പ്രക്ഷോഭത്തിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ബഫർസോണിൽ ഉൾപ്പെട്ട 3200 കുടുംബങ്ങളെയും ഉൾപ്പെടുത്തി വലിയ സമരങ്ങളിലേക്ക് പോകുമെന്നാണ് ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ്.