ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം; പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും
പാണാവള്ളിയിലെ ഡോണയുടെ വീട്ടിൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്നതായിരുന്നു ഇന്നലത്തെ തെളിവെടുപ്പ്
ആലപ്പുഴ: പൂച്ചാക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. വീടിന്റെ സൺഷെയ്ഡ് വഴി കുഞ്ഞിനെ കൈമാറിയത് ഉൾപ്പടെയുള്ള വിവരങ്ങൾ പ്രതികൾ അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തു. ഇന്നും തെളിവെടുപ്പ് തുടരും.
പാണാവള്ളിയിലെ ഡോണയുടെ വീട്ടിൽ മണിക്കുറുകൾ നീണ്ടു നിൽക്കുന്നതായിരുന്നു തെളിവെടുപ്പ്. തോമസും അശോകും കഴിഞ്ഞ ഏഴിന് പുലർച്ചെ വീട്ടിൽ എത്തി ഡോണയുടെ കൈയിൽ നിന്നും രഹസ്യമായി കുഞ്ഞിനെ വാങ്ങിയത് ഉൾപ്പടെ ഒന്നൊന്നായി പൊലീസിനോട് വിവരിച്ചു. വീടിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിലും സ്റ്റെയർകേസിന്റെ അടിയിലുമായി ആയിരുന്നു ഡോണ ഒരു പകൽ മുഴുവൻ കുഞ്ഞിനെ സൂക്ഷിച്ചിരുന്നത്. രണ്ടാം നിലയിലെ സൺ ഷെയ്ഡിലൂടെയാണ് തോമസിന് കൈമാറിയത്.
പ്രസവ ശേഷം തകഴിയിൽ ഉണ്ടായിരുന്ന തോമസിനെ വിളിച്ച ഡോണ, വിഡിയോ കാേളിലൂടെ പ്രസവിച്ചുവെന്ന് അറിയിച്ചു. പിന്നീട് കുഞ്ഞിനേയും കാണിച്ചു നൽകി. തങ്ങളുടെ കൈയിൽ കിട്ടുമ്പോൾ കുട്ടി മരിച്ചിരുന്നു എന്ന മൊഴിയിൽ തോമസും, അശോകും ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. പാണാവള്ളിയിൽ രണ്ട് ദിവസമായി നീണ്ട തെളിവെടുപ്പ് പൂർത്തിയായി. ഇന്ന് കുട്ടിയെ സംസ്കരിച്ച തകഴിയിലെ കൊല്ലാനോടി പാടശേഖരത്തിൽ തെളിവെടുപ്പ് നടക്കും.