ഉമ്മൻചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Update: 2023-07-18 04:09 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

അതേസമയം,  ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.  സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.

മഹാത്മാ ഗാന്ധി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും ജൂലൈ 22 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല.ഇന്ന് ബാങ്കുകൾക്കും അവധിയായിരിക്കും. 

ഇന്ന് പുലർച്ചെ 4.25 ഓടെ ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ മരണം. 79 വയസ്സായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. കോൺഗ്രസ് നേതാക്കൾ ബെംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെയും കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നു. 2004-2006, 2006-2011 വര്‍ഷങ്ങളില്‍ രണ്ട് തവണകളിലായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായി. നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം ഈയിടെയാണ് സഭയിൽ അൻപത് വർഷം പിന്നിട്ടത്.

തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News