സിന്ധുവിന്റേയും മകന്റേയും മരണം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന്കോൺഗ്രസ്
കെ.ബാബു എംഎൽഎ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സിന്ധുവിന്റെ കുടുംബത്തെ സന്ദർശിച്ചു
എറണാകുളം നായരമ്പലത്ത് യുവതിയും മകനും പൊള്ളലലേറ്റ് മരിച്ചതിൽ പൊലീസിന്റെ വീഴ്ച ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സിന്ധു നൽകിയ പരാതിയിൽ അലംഭാവം കാണിച്ചതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
അയൽവാസി ദിലീപിന്റെ ശല്യം സഹിക്കവയ്യാതെയാണ് സിന്ധു പൊലീസിൽ പരാതിപ്പെട്ടത്. കേസിൽ പ്രതിക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് സിന്ധുവിന്റെയും മകന്റെയും മരണത്തിൽ കലാശിച്ചതെന്നും കുടുംബവും ആരോപിച്ചിരുന്നു.
സിന്ധുവിന്റേത് ആത്മഹത്യയാണെങ്കിലും മരണത്തിന് മുമ്പാണ് നടന്ന കാര്യങ്ങൾ ദുരൂഹമാണ്. കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ.ബാബു എംഎൽഎ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സിന്ധുവിന്റെ കുടുംബത്തെ സന്ദർശിച്ചു. ദീലീപിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.