ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം: പൊലീസ് റിപ്പോർട്ട് തള്ളി എസ്.സി/എസ്.ടി കമ്മീഷൻ
വിശ്വാനാഥന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പോലീസിന് കമ്മീഷൻ നിർദേശം നൽകി
കോഴിക്കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിലെ പൊലീസ് റിപ്പോർട്ട് തള്ളി എസ്.സി / എസ്.ടി കമ്മീഷൻ. വിശ്വാനാഥന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പോലീസിന് കമ്മീഷൻ നിർദേശം നൽകി. മരണത്തില്‍ ദേശിയ പട്ടിക വർഗ കമ്മീഷനും റിപ്പോർട്ട് തേടി.
അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ മെഡിക്കൽ കോളജ് എസി കെ സുദർശൻ എസ്.സി എസ്.ടി കമ്മീഷന് മുന്നിൽ നേരിട്ടെത്തിയാണ് വിശ്വനാഥന്റെ മരണത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. വിശ്വനാഥൻ ജീവനൊടുക്കിയതിൽ അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുത്തത് ശരിയല്ലെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്. പട്ടികജാതി പട്ടിക വർഗ പീഡന നിരോധന പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി നാല് ദിവസനത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. ഇല്ലാത്തക്കുറ്റം ആരോപിച്ച് ആളുകൾ പീഡിപ്പിച്ചു കാണുമെന്നും കറുത്ത നിറമുള്ള ആളുകളെ കാണുമ്പോൾ ഉള്ള മനോഭാവം മാറണമെന്നും എസ്.സി എസ്.ടി കമ്മീഷൻ ബി.എസ് മാവോജി പറഞ്ഞു.
ഡിജിപി, ജില്ല കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവരോടും ദേശിയ പട്ടിക വർഗ കമ്മീഷൻ റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണം. വിശ്വനാഥന്റെ മരണത്തിനുത്തരവദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.