'ഇനി താൻ പൊഴിയൂർ സ്റ്റേഷനിൽ ഇരിക്കില്ല': ലൈസൻസില്ലാത്ത ബോട്ട് പിടിച്ചതിന് എസ്‌ഐക്ക് ഉടമയുടെ ഭീഷണി
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അങ്ങേയറ്റം മോശമായ ഭാഷയിൽ ഭീഷണി കോൾ എത്തിയത്
തിരുവനന്തപുരം: ലൈസൻസില്ലാത്ത ബോട്ട് പിടിച്ചതിന് തിരുവനന്തപുരത്ത് എസ്‌ഐക്ക് ബോട്ട് ക്ലബ്ബുടമയുടെ ഭീഷണി. പൊഴിയൂർ സ്റ്റേഷൻ എസ്‌ഐ സജികുമാറിനെയാണ് ഉടമ മാഹിൻ ഭീഷണിപ്പെടുത്തിയത്. ഇനി താൻ പൊഴിയൂർ സ്റ്റേഷനിൽ ഇരിക്കില്ലെന്നും കൊല്ലുമെന്നുമടക്കം ഭീഷണിപ്പെടുത്തുന്നതായി ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അങ്ങേയറ്റം മോശമായ ഭാഷയിൽ ഭീഷണി കോൾ എത്തിയത്. ഇതിന് ശേഷം ഒമ്പത് മണിയോടെ വീണ്ടും ഭീഷണിപ്പെടുത്തി. രണ്ടു സംഭവങ്ങളും ചൂണ്ടിക്കാട്ടി എസ്‌ഐ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉടൻ കേസെടുക്കുമെന്നാണ് വിവരം.
പൊഴിയൂർ മേഖലയിൽ ധാരാളം ബോട്ടുകൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാഹിന്റെ ബോട്ട് പൊലീസ് പിടിച്ചെടുത്തത്. എന്നാൽ ബോട്ട് പിടിച്ചെടുത്തതിന് പിന്നാലെ ഇയാൾ ഭീഷണിയുമായി എത്തുകയായിരുന്നു. വീട്ടുകാരെയടക്കം അധിക്ഷേപിച്ചതായി കാട്ടിയാണ് സജി കുമാറിന്റെ പരാതി