കെ.മുരളീധരന്‍റെ തോല്‍വി: തൃശ്ശൂരിൽ ഡി.സി.സി നേതൃമാറ്റം ഉറപ്പായി
മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ്റെ പേരിനാണ് പ്രാമുഖ്യം
തൃശ്ശൂർ: തൃശ്ശൂരിൽ കെ.മുരളീധരൻ ദയനീയമായി തോറ്റതോടെ ഡി.സി.സി നേതൃമാറ്റം ഉറപ്പായി. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ്റെ പേരിനാണ് പ്രാമുഖ്യം. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ഒരു നേതാവിന് ഡി.സി.സിയുടെ ചുമതല നൽകുന്നതും ആലോചനയിലുണ്ട്. യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി അട്ടിമറി വിജയം നേടിയതോടെ ഡി.സി.സിയിൽ നേതൃത്വം വേണമെന്ന് ആവശ്യം പരസ്യമായി തന്നെ ഉയർന്നിട്ടുണ്ട്. ഡി.സി.സി പ്രസിഡന്‍ഡ് ജോസ് വള്ളൂർ യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസൺ, ടി.എൻ പ്രതാപൻ, അനിൽക്കരെ തുടങ്ങിയ നേതാക്കളെല്ലാം ഓരോ ഗ്രൂപ്പുകളുടെ നടത്തിപ്പുകാരാണ്.
അതുകൊണ്ടുതന്നെ സജീവ ഗ്രൂപ്പുകാരൻ അല്ലാത്ത ഒരാളെ ഡി.സി.സി പ്രസിഡൻറ് ആക്കണം എന്നാണ് കെ.പി.സി.സി നേതൃത്വത്തിലെ ആലോചന.മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ആണ് മുഖ്യ പരിഗണന. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ്റെ പേരും പരിഗണിക്കുന്നുണ്ട്. നേതൃമാറ്റം ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ഉപതെരഞ്ഞെടുപ്പിന് മുൻപ് ബദൽ സംവിധാനം എങ്കിലും ഏർപ്പെടുത്തണമെന്ന കാര്യത്തിൽ നേതാക്കൾക്കെല്ലാം ഒരേ അഭിപ്രായമാണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു നേതാവിന് ഡിസിസിയുടെ ചുമതല നൽകാനും ആലോചിക്കുന്നുണ്ട്. വി.ടി ബൽറാം അടക്കമുള്ളവരുടെ പേരുകൾ ഇതിനായി പരിഗണിക്കുന്നുണ്ട്.
അതേസമയം, ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിനും ടി.എൻ പ്രതാപനുമെതിരെ പരസ്യ പ്രതിഷേധം തുടരുകയാണ്. ഇരുവർക്കും എതിരെ അണികളെ ഇളക്കിവിടുന്നത് എം.പി വിൻസെന്റും അനിൽ അക്കരെയും ആണെന്ന് ആരോപണം പാർട്ടിക്കകത്ത് ഉയർന്നിട്ടുണ്ട്. പ്രതിഷേധം അതിരുവിട്ടാൽ തൃശ്ശൂരിലെ ഇടപെടൽ കെ.പി.സി.സി വേഗത്തിൽ ആക്കാനും സാധ്യതയുണ്ട്.