അന്ധവിശ്വാസത്തിന്‍റെ പേരില്‍ ചികിത്സ വൈകിപ്പിച്ച സംഭവം; ഇമാം അറസ്റ്റില്‍
മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി
കണ്ണൂർ സിറ്റിയിൽ വിശ്വാസത്തിന്‍റെ മറവിൽ വിദ്യാര്‍ഥിനിക്ക് ചികിത്സ വൈകിപ്പിച്ചെന്ന പരാതിയിൽ മന്ത്രവാദിയും കുട്ടിയുടെ പിതാവും അറസ്റ്റില്‍. കുഞ്ഞിപ്പളളി ഇമാം മുഹമ്മദ് ഉവൈസ്, കുട്ടിയുടെ പിതാവ് അബ്ദുൽ സത്താർ എന്നിവരാണ് അറസ്റ്റിലായത്. സമാന രീതിയില്‍ മറ്റ് നാല് പേര്‍ കൂടി മരിച്ചെന്ന പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സിറ്റി നാലുവയലിലെ എം.എ ഫാത്തിമയെന്ന പതിനൊന്നുകാരി പനി ബാധിച്ച് മരിച്ചത്. വൈദ്യചികിത്സ നല്‍കാതെ മന്ത്രവാദത്തെ ആശ്രയിച്ചതായിരുന്നു മരണ കാരണം. നാട്ടുകാരുടെ പരാതിയില്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതിനിടെയാണ് സമാന രീതിയില്‍ പ്രദേശത്തെ നാല് പേര്‍കൂടി മരിച്ചെന്ന വാര്‍ത്ത മീഡിയവണ്‍ പറത്തുവിട്ടത്. പിന്നാലെ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് അന്വേക്ഷണം ഊര്‍ജ്ജിതമാക്കി. നേരത്തെ മന്ത്രവാദത്തിനിരയായി മരിച്ച പടിക്കല്‍ നഫീസുവിന്‍റെ മകന്‍ സിറാജിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് മന്ത്രവാദിയും കുഞ്ഞിപ്പളളി ഇമാമുമായ മുഹമ്മദ് ഉവൈസ്,മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുള്‍സത്താര്‍എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ,ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ ചുമത്തിയാണ് അറസ്റ്റ്. സിറ്റിയിലും പരിസര പ്രദേശങ്ങളിലും സമാന രീതിയില്‍ മരിച്ച മറ്റുളളവരെക്കുറിച്ചും പൊലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഉവൈസിനെയും സത്താറിനെയും വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.