കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാതശിശു വിഭാഗം ആരംഭിക്കുന്നു

നവജാത ശിശുക്കളുടെ പ്രത്യേക തീവ്രപരിചരണം ലക്ഷ്യം

Update: 2022-04-29 11:58 GMT
Advertising

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാതശിശു വിഭാഗം (നിയോനാറ്റോളജി വിഭാഗം) പുതുതായി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി രണ്ട് അസിസ്റ്റന്റ് പ്രാഫസർമാരുടെ തസ്തികയിൽ യോഗ്യരായവരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിയോനാറ്റോളജി വിഭാഗം വരുന്നതോടെ ജനിച്ചതു മുതൽ 28 ദിവസംവരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ലഭ്യമാകും. ഭാവിയിൽ നിയോനാറ്റോളജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനവും സാധ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. കോഴിക്കോട് നിന്നുമാത്രമല്ല സമീപ ജില്ലകളിൽ നിന്നും കാസർകോട് ജില്ലയിൽ നിന്ന് വരെയുള്ളവരും വിദഗ്ധ ചികിത്സ തേടുന്ന ആശുപത്രി കൂടിയാണിത്. ആദിവാസി മേഖലയിൽ നിന്നുള്ളവരും വിദഗ്ധ ചികിത്സയ്ക്കായെത്തുന്നത് ഇവിടെയാണ്. ഈ പ്രാധാന്യം ഉൾക്കൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയോനാറ്റോളജി വിഭാഗം ആരംഭിക്കുന്നത്.

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ, തൂക്കക്കുറവുള്ള നവജാത ശിശുക്കൾ, സർജറി ആവശ്യമായ നവജാത ശിശുക്കൾ എന്നിവരുടെ തീവ്ര പരിചരണം ഇതിലൂടെ സാധ്യമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയോനാറ്റോളജി വിഭാഗം നിലവിലുണ്ട്. ബാക്കി പ്രധാന മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിച്ച് നിയോനാറ്റോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Department of Neonatology is started at Kozhikode Medical College

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News