'ഗവർണറാണ്, തെരുവുഗുണ്ടയല്ല'; രൂക്ഷവിമർശനവുമായി സി.പി.എം മുഖപത്രം
സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും ദേശാഭിമാനി മുഖപ്രസംഗം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ഗവർണർ ആണ് തെരുവ് ഗുണ്ട അല്ലെന്ന് ഓർമ്മിപ്പിച്ച് മുഖപ്രസംഗം. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരം ഒന്നും ഗവർണർക്കില്ല. നിയമസഭയെയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്നു. ഗവർണർക്ക് ആർഎസ്എസിന് വേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാൻ മടിയില്ലെന്നും വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടിയാണ് ഗവർണറുടെ കൗശലക്കളിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ആരുടെ നിർദേശപ്രകാരമാണ് ഈ കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം വേണം.അത് ആർജിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു. നിലമേലിൽ ഗവർണർ സ്വയം അപഹാസ്യനായി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവർണർക്കെന്നും ദേശാഭിമാനി മുഖപത്രത്തില്‍ പറയുന്നു.